ലക്ഷദ്വീപിന്റെ ഇന്നത്തെ അവസ്ഥ കേട്ടാൽ ഞെട്ടും

0
203

ലക്ഷദ്വീപിനു വേണ്ടി മുറവിളി കൂട്ടിയവരൊക്കെ ഇന്ന് എവിടെ ? എന്താണ് ഇന്ന് ലക്ഷദ്വീപ് ജനതയുടെ അവസ്ഥ. മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ല , പ്രമുഖ മാധ്യമങ്ങൾ ഒന്നും തന്നെ മുഖപ്രസം​ഗങ്ങളും എഴുതുന്നില്ല. കുറച്ച് നാള് മുമ്പുള്ള ബഹളങ്ങൾ ഇതൊന്നും അല്ലായിരുന്നു. ലക്ഷദ്വീപിൽ അന്ന് നമ്മൾ ഓരോരുത്തരും പറഞ്ഞ ജനത ഇന്നും അവിടെ തന്നെയുണ്ട്. എന്താണ് ഇപ്പോഴത്തെ അവരുടെ അവസ്ഥ . നരകിക്കുകയാണ് ലക്ഷദ്വീപ് ജനത. ഓരോ ദിവസവും കടുത്ത നയങ്ങളാണ് ഇവർക്ക് മേൽ അടിച്ചേൽപ്പിക്കുന്നത്. കേരള സംസ്ഥാനം ഒരിക്കൽ ഒറ്റക്കെട്ടായി ലക്ഷദ്വീപിനൊപ്പം നിൽക്കുമെന്നും സേവ് ലക്ഷ്വദ്വീപ് ക്യാമ്പയിൻ ഏറ്റെടുത്തു കൊണ്ട് അന്ന് സംസ്ഥാന സർക്കാർ പറഞ്ഞതാണ്. നിയമസഭയിൽ പോലും ഈ വിഷയം ചർച്ച ചെയ്തിരുന്നു. പക്ഷേ ആദ്യം ലക്ഷദ്വീപിനെ മറന്നത് കേരളമാണ്,

 

ഇന്ന് ലക്ഷ്വദ്വീപ് ജനത അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി യാത്രാ ചരക്ക് ക്കൂലി ഇരിട്ടിയാക്കി എന്നുള്ളതാണ്. ഇരുട്ടടി പോല യാണ് ഈ നയം ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കുന്നത്. യാത്ര ചെയ്യുന്നവരുടെ സാമ്പത്തിക ബാധ്യതയ്ക്കപ്പുറം ലക്ഷദ്വീപ് ജനതയെ കാത്തിരിക്കുന്നത് വിലക്കയറ്റം എന്ന മഹാമാരി തന്നെയായിരിക്കും.. ഇവിടെ തൊഴിലില്ലായ്മ രൂക്ഷമാണ്. 2000ത്തോളം ജീവനക്കാരെ അവിടെ സർക്കാർ സർവ്വീസിൽ നിന്ന് പിരിച്ചുവിടപ്പെട്ട സാഹചര്യം ഉണ്ടായതായും റിപ്പോട്ടുകൾ ഉണ്ടായിരുന്നു. തുച്ഛമായ ശമ്പളത്തോടെ ജോലി ചെയ്തിരുന്ന ഈ താൽക്കാലിക ജീവനക്കാർക്ക് തൊഴിൽ ഇല്ലാതായതോടെ ഇവരുടെ ജീവിതം മുഴുവൻ വഴിമുട്ടിയ അവസ്ഥയാണ്.

ലക്ഷദ്വീപിലേക്കുള്ള യാത്രക്കപ്പൽ, ചരക്കു നിരക്കുകൾ കുത്തനെ കൂട്ടി അധികൃതർ. ഏറ്റവും താഴ്ന്ന ക്ലാസ് യാത്രാ ടിക്കറ്റിനു പോലും 100 രൂപയുടെ വർധനയുണ്ട്. ചരക്കുകൂലിയിൽ ഇരട്ടിയോളമാണു വർധന. നവംബർ 10ന് പുതിയ നിരക്കുകൾ നിലവിൽ വരും. കൊച്ചിയിൽനിന്ന് കവരത്തിയിലേക്കുള്ള ബങ്ക് ക്ലാസ് ടിക്കറ്റ് 220 രൂപയായിരുന്നത് 330 ആയാണ് ഉയർത്തിയത്. ഇതേ യാത്രയ്ക്കുള്ള രണ്ടാം ക്ലാസ് ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി. 650 രൂപയായിരുന്ന നിരക്ക് 1300 ആയാണുയർത്തിയത്.

ഫസ്റ്റ് ക്ലാസിന് 3510 (മുൻ നിരക്ക് 2340) രൂപയുമായി. എന്നാൽ, വിഐപി ക്യാബിൻ നിരക്ക് വർധിപ്പിച്ചിട്ടില്ല. ഇത് 6110 രൂപയിൽത്തന്നെ നിലനിർത്തി. ഈ ടിക്കറ്റ് നിരക്ക് ലക്ഷദ്വീപുകാർക്കും ദ്വീപിൽ ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണു ബാധകം. വിനോദസഞ്ചാരികൾക്കു കൊച്ചി–കവരത്തി ബങ്ക് ക്ലാസ് ടിക്കറ്റ് 1500 രൂപയായി. നേരത്തെ ഇത് 500 രൂപയായിരുന്നു. സെക്കൻ‍ഡ് ക്ലാസ് 3810 രൂപയും(മുൻപ് 1270) ഫസ്റ്റ് ക്ലാസ് 5820 രൂപയും(3380) ആയി ഉയർത്തി.

മറ്റെല്ലാ ദ്വീപുകളിലേക്കുമുള്ള ടിക്കറ്റ് നിരക്കിലും ആനുപാതികമായ വർധന വരുത്തിയിട്ടുണ്ട്. കപ്പൽ സർവീസ് നടത്തുന്നതിനുള്ള ചെലവുകൾ ഉയർന്നതിനാലാണു ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതെന്നാണു ലക്ഷദ്വീപ് പോർട്ട് ഷിപ്പിങ് ആൻഡ് ഏവിയേഷൻ വകുപ്പിന്റെ ന്യായീകരണം. കൊച്ചിക്കു പുറമെ ബേപ്പൂർ, മംഗലാപുരം എന്നിവിടങ്ങളിൽനിന്നുള്ള ടിക്കറ്റ് നിരക്കുകളിലും വർധനയുണ്ട്. ഹൈസ്പീഡ് വെസൽ, ഹെലികോപ്റ്റർ നിരക്കുകളും ഉയർത്തി.

അടിയന്തര മെഡിക്കൽ ഇവാക്വേഷനുള്ള ഹെലികോപ്റ്റർ നിരക്കുകളും കൂട്ടി. ദ്വീപിലേക്കു ചരക്കുകൾ കൊണ്ടുപോകുന്നതിനുള്ള നിരക്കും വർധിപ്പിച്ചിട്ടുണ്ട്. അരിയും പഞ്ചസാരയും ഉൾപ്പെടെ പലചരക്കു സാധനങ്ങൾ കൊണ്ടുപോകാൻ മെട്രിക് ടണ്ണിന് 1200 രൂപയാണു പുതിയ നിരക്ക്. ഇത് നേരത്തെ 650 രൂപയായിരുന്നു. ഒരു പായ്ക്കറ്റ് മിനറൽ വാട്ടർ ദ്വീപിലേക്കു കൊണ്ടു പോകാൻ 25 രൂപ നൽകേണ്ടിയിരുന്ന സ്ഥാനത്ത് ഇനി 50 രൂപ നൽകണം.പച്ചക്കറിയുൾപ്പെടെയുള്ള സാധനങ്ങളുടെ 25 കിലോഗ്രാം പായ്ക്കറ്റിന് 25 രൂപയായിരുന്നതും 50 രൂപയാക്കിയിട്ടുണ്ട്. എല്ലാ അവശ്യസാധനങ്ങളും വൻകരയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ലക്ഷദ്വീപിൽ നിരക്കു വർധന മൂലം വൻ വിലക്കയറ്റമുണ്ടാകുമെന്നാണു ദ്വീപുവാസികളുടെ ആശങ്ക. കോവിഡ് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവർക്ക് ഇരുട്ടടിയാണു യാത്രാക്കപ്പൽ, ചരക്ക് നിരക്കു വർധനയെന്നും ദ്വീപുകാർ പറയുന്നു.