ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയിലേക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി !

0
192

ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയിലേക്ക്  ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ തെരഞ്ഞെടുത്തു.ഡിവൈഎഫ്ഐയുടെ നേതൃനിരയിലേക്ക് ആദ്യമായിട്ടാണ് ഒരു ട്രാൻസ് യുവതി എത്തുന്നത് . ചങ്ങനാശ്ശേരി സ്വദേശിനി ലയ മരിയ ജെയ്‌സനാണ് കോട്ടയം ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ദിവസം  പാമ്പാടിയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് തീരുമാനമെടുത്തത്.

ചങ്ങനാശേരി എസ് ബി കോളേജില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ലയ  നിലവില്‍ തിരുവനന്തപുരത്ത് സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ പ്രോജക്റ്റ് അസിസ്റ്റന്റാണ് .കൂടാതെ ഡി.വൈ.എഫ്.ഐ തുരുത്തി മേഖല കമ്മിറ്റിയിലും ചങ്ങനാശ്ശേരി ബ്ലോക്ക് കമ്മിറ്റിയിലും അംഗമായിരുന്നു.  2016ല്‍ സ്വത്വം വെളിപ്പെടുത്തിയ ശേഷമാണ് ലയ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായത്.

തനിക്ക് ലഭിച്ച പുതിയ ഉത്തരവാദിത്തം ഏറെ അഭിമാനത്തോടെ നിര്‍വഹിക്കുമെന്ന് ലയ പറഞ്ഞു.‘ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ശബ്ദമാകാനും അവര്‍ക്കുവേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും എന്റെ അംഗത്വം കരുത്തുനല്‍കും. പാര്‍ട്ടിയില്‍ ഇതുവരെ തനിക്ക് വിവേചനം നേരിടേണ്ടി വന്നിട്ടില്ല. പുരോഗമന പ്രസ്ഥാനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ ചേര്‍ത്തുപിടിക്കുന്നുണ്ടെങ്കിലും പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടില്‍ ഇനിയും ഒരുപാട് മാറ്റങ്ങള്‍ വരാനുണ്ട്,’ ലയ കൂട്ടിച്ചേര്‍ത്തു.