കോഴിക്കോട് മണിയൂർ ചെരണ്ടത്തൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിനാണ് പരിക്കേറ്റത് .സ്‌ഫോടനത്തിൽ ഹരിപ്രസാദിന്റെ ഇരു കൈപ്പത്തികൾക്കും ഗുരുതരമായി പരിക്കേറ്റു. രണ്ട് കൈകളിലെയും വിരലുകൾ പൂർണമായി നഷ്ടപ്പെട്ടെന്നാണ് പോലീസ് പറയുന്നത് .സംഭവസ്ഥലത്തു നിന്ന് സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ ലഭിച്ചു. വടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
ബുധനാഴ്ച്ച വൈകുന്നേരം 6.30 ഓടെയാണ് ടെറസിനു മുകളിൽ ഉഗ്രസ്ഫോടനം നടന്നത്. സ്ഫോടന ശബ്ദം കേട്ട് എത്തിയ പരിസരവാസികളാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. സ്ഫോടന സ്ഥലത്ത് പോലീസ് സംഘം പരിശോധന നടത്തി.പരിശോധനയിൽ ഓല പടക്കത്തിൻ്റെ അവശിഷ്ടങ്ങൾ പൊലീസിനു ലഭിച്ചു..ഓലപ്പടകങ്ങള്‍ അഴിച്ച് വെടി മരുന്ന് ശേഖരിച്ച് ബോംബ് നിര്‍മിക്കുന്നതിനിടയിലാണ് അപകടമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഹരിപ്രസാദിനെ മുടക്കല്ലൂർ എംഎംസിയിൽ ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോൾ .
നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ ടെറസിൽ ബോംബ് നിർമ്മിക്കുന്നതിനിടയിലാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്.രാത്രിയിൽ വിവരം അറിഞ്ഞ ഉടൻ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും വീട്ടിൽ പരിശോധന നടത്തി. അശ്രദ്ധയോടെ സ്ഫോടക വസ്തു കൈകാര്യം ചെയ്ത് പരിക്ക് പറ്റിയതിന് ഇയാൾക്കെതിരെ പോലീസ് കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട് .പരിക്കേറ്റ ഹരിപ്രസാദിനെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തുമെന്നും എസ്പി പറഞ്ഞു.ആർഎസ്എസിൻ്റെ സജീവ പ്രവർത്തകനായ ഹരിപ്രസാദ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.