കൊട്ടിയൂർ പീഡനക്കേസ്: ശിക്ഷ 20 ൽ നിന്ന് 10 വർഷമാക്കി

0
206

കൊട്ടിയൂർ പീഡനക്കേസിൽ ഫാദർ റോബിൻ വടക്കുംചേരിയ്ക്ക് ശിക്ഷയിൽ ഇളവ് നൽകി ഹൈക്കോടതി. 20 വർഷം തടവ് എന്നത് 10 വർഷമായി കുറച്ചു. വടക്കുംചേരിയുടെ ഹരജി പരിഗണിച്ചാണ് കോടതി നടപടി. അതേസമയം പോക്‌സോ വകുപ്പും ബലാത്സംഗ വകുപ്പും നിലനിൽക്കുമെന്ന് കോടതി അറിയിച്ചു.

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ആയിരുന്ന റോബിൻ വടക്കുംചേരി പള്ളിമേടയിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. കേസിൽ 2019 ൽ തലശ്ശേരി പോക്‌സോ കോടതി വടക്കുംചേരി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. മൂന്ന് കേസുകളിലായാണ് 20 വർഷം വീതം കോടതി ശിക്ഷ വിധിച്ചത്.

കേസിലെ മറ്റ് ആറ് പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഇവർക്കെതിരെയുള്ള കുറ്റങ്ങൾ തെളിയിക്കാനായില്ലെന്ന് കാണിച്ചാണ് ഇവരെ വെറുതെ വിട്ടത്. പെൺകുട്ടി ജന്മം നൽകിയ കുഞ്ഞിന്റെ പിതാവ് റോബിൻ തന്നെയാണെന്ന് ഡി.എൻ.എ ഫലം പുറത്തുവന്നിരുന്നു. സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി ആദ്യം മൊഴി നൽകിയത്. എന്നാൽ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വൈദികന്റെ പേര് പെൺകുട്ടി പറഞ്ഞത്.

 

ഇതിനിടെ കേസിന്റെ വിചാരണയ്ക്കിടെ പെൺകുട്ടിയും മാതാവും മൊഴിമാറ്റുകയും വൈദികന് അനുകൂലമായി മൊഴി നൽകുകയും ചെയ്തിരുന്നു.സ്വന്തം താത്പര്യപ്രകാരമാണ് വൈദികൻ റോബിൻ വടക്കുഞ്ചേരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും, അപ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നെന്നും പെൺകുട്ടി മൊഴി നൽകി. അദ്ദേഹവുമായി വൈവാഹിക ജീവിതം നയിക്കാൻ താത്പര്യമുണ്ടെന്നും പെൺകുട്ടി പറഞ്ഞിരുന്നു.