മെഡിക്കല്‍ കോളേജില്‍ നിന്ന് മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ യുവതി തട്ടിയെടുത്ത വാർത്ത ഇന്നലെ വളരെ ഞെട്ടലോടെ ആയിരുന്നു കേരളം കേട്ടിരുന്നത് .ഇപ്പോൾ ഇതാ സംഭവത്തിൽ നിർണായക വിവരങ്ങളാണ് പുറത്ത് വരുന്നത് . കാമുകനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ആയിരുന്നു കുഞ്ഞിനെ തട്ടിയെടുത്തത് എന്നാണ് നീതുവിന്റെ വെളിപ്പെടുത്തൽ . സംഭവത്തില്‍ അറസ്റ്റിലായ നീതു വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച കാമുകന്‍ ഇബ്രാഹിം ബാദുഷയെ ബ്ലാക്ക് മെയില്‍ ചെയ്യാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.വിവാഹ വാഗ്ദാനം നല്‍കി ഇബ്രാഹിം ബാദുഷ നീതുവില്‍ നിന്ന് 30 ലക്ഷം രൂപയോളം തട്ടിയെടുത്തിരുന്നു എന്നും പറയുന്നു.
ഇത് തിരികെ വാങ്ങിക്കാന്‍ വേണ്ടി കൂടിയായിരുന്നു നീതു കുഞ്ഞിനെ തട്ടിയെടുത്തത്.ഇബ്രാഹിമുമായി അടുത്ത ബന്ധമുണ്ടായിരുന്നു നീതുവിന്. ഇതിനിടെ ഇബ്രാഹിം മറ്റൊരു വിവാഹംകഴിക്കാന്‍ തീരുമാനിച്ചതോടെ ബ്ലാക്‌മെയില്‍ ചെയ്യുന്നതിനാണ് തന്റെ കുഞ്ഞാണെന്ന് കാണിക്കാന്‍ നീതു കുട്ടിയെ തട്ടിക്കൊണ്ട് പോയത് എന്നാണ് പറയുന്നത് .തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിമിന്റേതാണെന്ന് വിശ്വസിപ്പിച്ച് വരുതിയിലാക്കാനായിരുന്നു ശ്രമം.
കുട്ടിയെ തട്ടിയെടുക്കാന്‍ മെഡിക്കല്‍ കോളേജിന് സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് നീതു ദിവസങ്ങളോളം തങ്ങിയിരുന്നു.കുഞ്ഞിനെ തേടി നീതു പല തവണ ഗൈനക്കോളജി വിഭാഗത്തിലെത്തിയതായും വിവരമുണ്ട്.അതേസമയം, കുട്ടിയെ തട്ടിയെടുത്തതിന് പിന്നില്‍ കുഞ്ഞുങ്ങളെ കടത്തുന്ന റാക്കറ്റല്ലെന്ന് പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നീതു കുറ്റം ചെയ്തത് തനിയെ ആണെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ പറഞ്ഞിരുന്നു. സംഭവത്തില്‍ ഇബ്രാഹിം ബാദുഷയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച വൈകീട്ടായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവിനെ മോഷ്ടിക്കാന്‍ ശ്രമം നടന്നത്. നേഴ്സിന്റെ വേഷത്തിലെത്തിയ നീതു ചികിത്സിക്കാനെന്ന വ്യാജേന കുഞ്ഞിനെ വാങ്ങി കടന്നു കളയുകയായിരുന്നു.കുഞ്ഞിന് മഞ്ഞപ്പുണ്ടെന്നും ചികിത്സിക്കണമെന്നും പറഞ്ഞാണ് ഗൈനക്കോളജി വിഭാഗത്തിലെത്തിയ നീതു കുഞ്ഞിനെ കൊണ്ടുപോയത്. കുഞ്ഞിനെ കൊണ്ടുപോയി അരമണിക്കൂര്‍ കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെയെത്തിക്കാത്തതോടെ അമ്മ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു.തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് അടുത്തുള്ള ഹോട്ടലില് നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്.