മൂന്നിരട്ടി കൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങിയത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ;കെ കെ ശൈലജ 

0
173

കൊവിഡിന്റെ ആദ്യഘട്ടത്തിൽ  പി.പി.ഇ കിറ്റ് വാങ്ങിയതിൽ വൻ അഴിമതി നടന്നെന്ന ആരോപണത്തിന് മറുപടിയുമായി  മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദ്ദേശ പ്രകാരം എടുത്തതാണെന്നാണ് കെ കെ ശൈലജയുടെ വിശദീകരണം.അടിയന്തര സാഹചര്യത്തിലെ നടപടിയായിരുന്നു അതെന്നും ശൈലജ പറഞ്ഞു . കരിവെള്ളൂർ രക്തസാക്ഷി ദിനാചരണത്തിന്‍റെ 75ാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ശൈലജ ഇക്കാര്യം വ്യക്തമാക്കിയത് .

500 രൂപക്ക് ലഭിക്കുമായിരുന്ന പി.പി.ഇ കിറ്റ് 1500 രൂപ കൊടുത്ത് വാങ്ങിയതിൽ വൻ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം.മാർക്കറ്റിൽ സുരക്ഷ ഉപകരങ്ങൾക്ക് ക്ഷാമമുള്ള സമയത്താണ് മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങിയത്.അന്ന് പൈസയൊന്നും നോക്കേണ്ട, മനുഷ്യന്‍റെ ജീവനാണ് വില എന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്ത സമയത്ത് നടപടിക്രമങ്ങൾ പാലിക്കാതെയും സാധനങ്ങൾ വാങ്ങാനുള്ള അധികാരം സർക്കാരിനുണ്ട്. കിട്ടാവുന്നിടത്തു നിന്ന് വലിയ വില കൊടുത്ത് പി.പി.ഇ കിറ്റ് വാങ്ങി എന്നും കെ കെ ശൈലജ പറഞ്ഞു.

പിന്നീടാണ് അഞ്ഞൂറ് രൂപയ്ക്ക് പിപിഇ കിറ്റ് മാർക്കറ്റിൽ ലഭ്യമായതെന്നും കെ കെ ശൈലജ വിശദീകരിച്ചു. സർക്കാറിനെതിരായ ആക്രമണങ്ങൾ കമ്യൂണിസ്റ്റുകാർ ചെറുക്കണമെന്നും അഴിമതി ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.  സർക്കാർ ചെയ്ത ത്യാഗപൂർണമായ പ്രവർത്തനത്തെ കുറിച്ച് പോലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പ്രചരണവുമായി ഇറങ്ങിയിട്ടുണ്ട് എന്നും മുൻ ആരോഗ്യമന്ത്രി പ്രതികരിച്ചു .