കർണാടകയിലെ തുംകുരു മഹീന്ദ്ര ഷോറൂമിലേക്ക് ബൊലേറോയുടെ പിക്ക് അപ് വാൻ വാങ്ങാനെത്തിയതായിരുന്നു കർഷകനായ കെംപഗൗഡ. എന്നാൽ കെംപഗൗഡയുടെ വസ്ത്രവും മറ്റും കണ്ട സെയ്ൽസ്മാൻ അദ്ദേഹത്തെ അപമാനിക്കുകയും പുറത്താക്കുകയുമായിരുന്നു. പത്ത് രൂപ പോലും തികച്ചെടുക്കാനില്ലാത്തവനാണ് പത്ത് ലക്ഷത്തിന്റെ വണ്ടി വാങ്ങാൻ വന്നത് എന്നതായിരുന്നു സെയ്ൽസ്മാന്റെ പരിഹാസം.
എന്നാൽ അപമാനിതനായ കെംപഗൗഡ പിൻമാറാനൊരുക്കമല്ലായിരുന്നു. തനിക്ക് മഹീന്ദ്രയുടെ എസ്.യു.വി വേണമെന്നും, ഒരു മണിക്കൂറിനുള്ളിൽ താൻ പണവുമായെത്തുമെന്നുമായിരുന്നു കെംപഗൗഡ പറഞ്ഞത്.
പക്ഷേ, അന്ന് തന്നെ തങ്ങൾക്ക് വാഹനം ഡെലിവറി ചെയ്യാൻ പറ്റില്ലെന്ന് ഷോറൂം അറിയിക്കുകയായിരുന്നു. നാല് ദിവസത്തിനകം എസ്.യു.വി ഡെലിവറി ചെയ്യാമെന്ന് അവർ അറിയിക്കുകയുമായിരുന്നു.എന്നാൽ അവരിൽ നിന്നും കാർ വാങ്ങാൻ താൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു കർഷകന്റെ പ്രതികരണം.
തുടർന്ന് മോശം പെരുമാറ്റത്തിനും പരിഹസിച്ചതിനും കെംപെഗൗഡ തിലകനഗര പൊലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തു. പിന്നീട് സെയിൽസ്മാനും മറ്റ് ജീവനക്കാരും കെംപെഗൗഡയോട് ക്ഷമാപണം നടത്തുകയും ക്ഷമാപണ കത്ത് നൽകുകയും ചെയ്തതോടെയാണ് പ്രശ്നം ഒത്തുതീർപ്പായത്.