കെറെയിലിന് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ

0
291

അതിവേഗറയിൽ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയിൽ ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്കുള്ള പുനരധിവാസ പാക്കേജായി. വീട് നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരവും 4.60 ലക്ഷം രൂപയും നൽകും. അല്ലെങ്കിൽ നഷ്ടപരിഹാരവും 1.60 ലക്ഷം രൂപയും ലൈഫ് മാതൃകയിൽ വീടും നൽകും.

വാസസ്ഥലം നഷ്ടപ്പെടുകയും ഭൂരഹിതരാകുകയും ചെയ്യുന്ന അതി ദരിദ്രർക്കും നഷ്ടപരിഹാരം നൽകും.ഭൂരഹിതർക്ക് അഞ്ചു സെൻ്റ് ഭൂമിയും ലൈഫ് മാത്യകയിൽ വീടും നൽകും. അല്ലെങ്കിൽ നഷ്ടപരിഹാരവും അഞ്ചു സെൻ്റ് ഭൂമിയും നാലു ലക്ഷം രൂപയും നൽകും. അതുമല്ലെങ്കിൽ നഷ്ടപരിഹാരവും ആറു ലക്ഷം രൂപയും നാലു ലക്ഷം രൂപയും നൽകാൻ തീരുമാനിച്ചു.

കാലിത്തൊഴുത്തുകൾ പൊളിച്ചു നീക്കിയാൽ 25,000 രൂപ മുതൽ 50,000 രൂപ വരെ ലഭിക്കും.വാണിജ്യ സ്ഥാപനം നഷ്ടപ്പെടുന്ന ഭൂവുടമകൾക്ക് നഷ്ടപരിഹാരവും 50,000 രൂപയും വാടക കെട്ടിടത്തിലെ വാണിജ്യ സ്ഥാപനം നഷ്ടപ്പെടുന്നവർക്ക് രണ്ടു ലക്ഷം രൂപയും നൽകും.

പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ, കാസര്‍ഗോഡ് നിന്നും നാല് മണിക്കൂര്‍കൊണ്ട് തിരുവനന്തപുരം എത്താമെന്നതാണ് നേട്ടം. പുതിയ റെയില്‍വേ ലൈനുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ അഞ്ച് പ്രധാന സ്റ്റേഷനുകളില്‍ ടൗണ്‍ഷിപ്പും ഉണ്ടാക്കാനും പദ്ധതിയുണ്ട്.

പ്രത്യക്ഷമായും പരോക്ഷമായും അയ്യായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും സര്‍ക്കാര്‍ പറയുന്നു. പദ്ധതി 2027ല്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 63,941 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക.