ടി.പി. വധക്കേസിലെ പ്രതികളെ സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ നിലപാട് ;കെ കെ രമ

0
171

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ സംരക്ഷിക്കുക എന്നത് സി.പി.ഐ.എമ്മിന്റെയും സര്‍ക്കാറിന്റെയും നിലപാടാണെന്ന് കെ.കെ. രമ എം.എല്‍.എ.ടി.പി. വധക്കേസിലെ  മുഖ്യപ്രതികളിലൊരാളായ കിര്‍മാണി മനോജ് ലഹരി പാര്‍ട്ടി നടത്തിയതില്‍ അത്ഭുതമൊന്നും തോന്നുന്നില്ലെന്നും രമ പറഞ്ഞു.ടി പി കേസില്‍ പരോളില്‍ ഇറങ്ങിയ കിര്‍മാണി മനോജിനെ വയനാട്ടിലെ ലഹരി പാര്‍ട്ടിയില്‍ നിന്ന് പിടികൂടിയ പശ്ചാത്തലത്തിലാണ് കെ കെ രമയുടെ പ്രതികരണം.

‘സി.പി.ഐ.എമ്മിന്റെയും സി.പി.എമ്മിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും പിന്തുണയോടെയാണ് ഇതെല്ലാം നടക്കുന്നത്. പ്രതികള്‍ക്ക് മാഫിയ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സൗകര്യമൊരുക്കി നല്‍കുന്നത്. സി.പി.ഐ.എമ്മും സര്‍ക്കാരുമാണ്,’ എന്നും  രമ കൂട്ടിച്ചേര്‍ത്തു.ഗുണ്ടകള്‍ റിസോര്‍ട്ടില്‍ ഒത്തുചേര്‍ന്നത് പോലിസ് അറിഞ്ഞില്ലേയെന്നും ഇന്റലിജന്‍സ് വിഭാഗവും പോലിസും എന്താണ് ചെയ്യുന്നതെന്നും രമ ചോദിച്ചു.

വയനാട്ടില്‍ വിവാഹ വാര്‍ഷിക ആഘോഷത്തിനിടേ നടന്ന വന്‍ മയക്കുമരുന്ന് വേട്ടയിലാണ് ടി പി വധകേസ് പ്രതി കിര്‍മാണി മനോജ് ഉള്‍പ്പെടെ 15 പേര്‍ കസ്റ്റഡിയിലായത്..പ്രതികളില്‍ നിന്ന് കഞ്ചാവ്, എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്ന് കണ്ടെത്തിയതായാണ് വിവരം. റിസോര്‍ട്ടില്‍ പാര്‍ട്ടി നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. പ്രദേശത്ത് ഷാഡോ പൊലീസിനെ വിന്യസിക്കുകയും പരിശോധനയ്ക്ക് ശേഷം മയക്കുമരുന്ന് പിടികൂടുകയുമായിരുന്നു.

ക്വട്ടേഷന്‍ സംഘാംഗമായ മുഹ്സിന്റെ വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള പാര്‍ട്ടിയായിരുന്നു നടന്നതെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചയോടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.ഗോവയില്‍ നിന്നുള്ള 60പേര്‍ക്ക് എം.ഡി.എം.എ നല്‍കാന്‍ ഇവര്‍ ശ്രമം നടത്തിയെന്നും പൊലീസ് പറഞ്ഞു.ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. നിലവില്‍ പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം.