ടൂര്‍ണമെന്റിനിടെ ‌രാജ്യാന്തര കബഡി താരം വെടിയേറ്റ് മരിച്ചു ;ദൃശ്യങ്ങൾ പുറത്ത്

0
144

പഞ്ചാബിൽ രാജ്യാന്തര കബഡി താരം വെടിയേറ്റ് മരിച്ചു. സന്ദീപ് നംഗൽ ആണ് കൊല്ലപ്പെട്ടത്. ജലന്ധറിലെ മല്ലിയാൻ ഗ്രാമത്തിൽ മത്സരം നടക്കുന്നതിനിടെയാണ് സന്ദീപിന് വെടിയേറ്റത് . വെടിയേറ്റ താരത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സന്ദീപിന് നേരെ അക്രമികൾ 20 റൗണ്ട് വെടിയുതിർത്തതായി പൊലീസ് വ്യക്തമാക്കി. വെടി ഉതിർത്തതിന് ശേഷം അക്രമികൾ ഓടി രക്ഷപെട്ടു.ഇവർക്കായി തിരച്ചിൽ നടത്തുകയാണെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു .

വേടി ഉതിർത്തത്തിന്റെ കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമല്ല .ഇതിനെപറ്റി അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു . സന്ദീപിനെ വെടിവെക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. അക്രമത്തിനു പിന്നാലെ കാണികൾ ചിതറിയോടുന്നതും വിഡിയോയിൽ കാണാം .

12 പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത് എന്നാണ് പോലീസ് പറയുന്നത് .10 വർഷത്തിലേറെയായി കബഡിയിൽ സജീവമാണു നംഗൽ. പഞ്ചാബിനു പുറമേ യുഎസ്എ, കാനഡ, യുകെ എന്നിവിടങ്ങളിലും കബഡി ടൂർണമെന്റുകൾ കളിച്ചിട്ടുണ്ട്. കളിക്കളത്തിൽ പ്രകടിപ്പിച്ചിരുന്ന അസാമാന്യ മികവിന്, ‘ഡയമണ്ട് താരം’ എന്ന വിളിപ്പേരിലും സന്ദീപ് നങ്കൽ അറിയപ്പെട്ടിരുന്നു