ആരും അറിയാതെ പ്രസവം , നാലാംനാൾ കുഞ്ഞ് ബക്കറ്റിൽ മരിച്ചനിലയിൽ

0
134

നാലുദിവസം പ്രായമുള്ള കുഞ്ഞിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം . ഇടക്കുന്നം മുക്കാലിയിൽ വാടകയ്ക്ക് താമസിക്കുന്ന സുരേഷ്-നിഷ ദമ്പതികളുടെ ആറാമത്തെ ആൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്

സംഭവ സമയത്ത് നിഷയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പെയിന്റിങ് തൊഴിലാളിയായ ഭർത്താവ് സുരേഷ് ജോലിക്കു പോയിരുന്നു. കുട്ടി ജനിച്ച വിവരം അയൽവാസികൾ അറിഞ്ഞിരുന്നില്ല. കുഞ്ഞിന്റെ കരച്ചിൽ കേട്ട് അയൽവാസിയായ സ്ത്രീ എത്തിയപ്പോൾ എല്ലാവർക്കും കോവിഡ് ആണെന്ന് പറഞ്ഞ് തിരിച്ചയച്ചു.

സംശയം തോന്നിയ ഇവർ ആശാ വർക്കറെ വിവരം അറിയിച്ചു. ആശാ വർക്കർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി വീട്ടിലെത്തിയപ്പോഴാണ് പ്രസവം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ തെരച്ചിലിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ശുചിമുറിയിലെ ബക്കറ്റിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

നിർത്താതെ കരഞ്ഞതിനെ കുടർന്ന് കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോൾ, കുഞ്ഞിനെ മറവുചെയ്യാനായി ബക്കറ്റിലിട്ടു വയ്ക്കാൻ മൂത്ത മകളോട് പറയുകയായിരുന്നു എന്ന് നിഷ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. നിഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മരിച്ച കുട്ടിയെക്കൂടാതെ ഇവർക്ക് അഞ്ച് മക്കൾകൂടിയുണ്ട്. 15, അഞ്ച്, മൂന്നു വയസ്സുള്ള മൂന്നു പെൺമക്കളും ഒമ്പത്, ഒന്നര വയസ്സുള്ള രണ്ട് ആൺകുട്ടികളുമാണ് ഉള്ളത്. ജൻമനാ കാലിന് സ്വാധീനക്കുറവുള്ള നിഷയെ വീടിന് പുറത്ത് അധികം കാണാറില്ലെന്ന് നാട്ടുകാർ പറഞ്ഞു.