ഹിജാബ് വിഷയത്തിലെ സമ്മിശ്ര പ്രതികരണങ്ങൾ ഇന്ന് മാധ്യമങ്ങലിൽ നിറയുന്നുണ്ട്. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ വിവാദപരാമർശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബി.ജെ.പി എം.പിയും മാലേഗാവ് സ്‌ഫോടന കേസിലെ മുഖ്യപ്രതിയുമായ പ്രഗ്യാ സിംഗ് താക്കൂർ. ‘ഒരിടത്തും നിങ്ങൾ ഹിജാബ് ധരിക്കേണ്ട ആവശ്യമില്ല.
സ്വന്തം വീടുകളിൽ സുരക്ഷിതരല്ല എന്ന് തോന്നുന്നവർ മാത്രം ഹിജാബ് ധരിച്ചാൽ മതി. നിങ്ങൾക്ക് മദ്രസയില്ലേ, അവിടെ നിങ്ങൾ ഹിജാബ് ധരിക്കുന്നതിന് ഒന്നും തന്നെ പറയുന്നില്ലല്ലോ.പുറത്തിങ്ങുമ്പോൾ അവിടം ഹിന്ദു സമാജ് ആണ്. ഇവിടെ ഹിജാബിന്റെ ആവശ്യമില്ല,’ .ഹിജാബ് പർദ തന്നെയാണ്. നിങ്ങളെ ദുഷിച്ച കണ്ണുകൾ കൊണ്ട് കാണുന്നവർക്കെതിരെയായിരിക്കണം പർദ ഉപയോഗിക്കേണ്ടത്.
എന്നാൽ ഹിന്ദുക്കൾ സ്ത്രീകളെ ദുഷിച്ച കണ്ണുകൾ കൊണ്ട് നോക്കാൻ ശ്രമിക്കില്ല. കാരണം അവർ സ്ത്രീകളെ ബഹുമാനിക്കുന്നവരാണ്,’ പ്രഗ്യാ സിംഗ് കൂട്ടിച്ചേർത്തു. ഭോപ്പാലിൽ വെച്ച് നടന്ന ഒരു മതപരിപാടിയിലാണ് പ്രഗ്യാ സിംഗിന്റെ വിവാദ പരാമർശം. വിഷയത്തിൽ പ്രതികരിച്ച് ഇന്ത്യൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും രംഗത്തെത്തി.
”സ്വയം ശക്തിപ്പെടുത്തുന്നതിനായി സ്‌കൂളിന്റെ പടിവാതിൽക്കലെത്തുന്ന കുഞ്ഞ് പെൺകുട്ടികളെ അപമാനിക്കുന്നത് അവസാനിപ്പിക്കുക. അവരുടെ ഏറ്റവും സുരക്ഷിതമായ ആശ്രയകേന്ദ്രങ്ങളായി മാറേണ്ട സ്ഥലമാണ് സ്‌കൂളുകൾ.ഹിജാബ് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ.ഈ വൃത്തികെട്ട രാഷ്ട്രീയക്കളികളിൽ നിന്നും ദയവായി ഇവരെ വെറുതെവിടുക. ഈ കുഞ്ഞു മനസുകളെ മുറിവേൽപ്പിക്കുന്നത് അവസാനിപ്പിക്കുക. ഇത് നിർത്തൂ,” ജ്വാല ഗുട്ട ട്വീറ്റ് ചെയ്തു.