‘വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വേണ്ട ‘;ഹർജികൾ തള്ളി ഹൈക്കോടതി

0
148

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ്  വിലക്ക് ശരിവെച്ച് കർണാടക  ഹൈക്കോടതി.ഹിജാബ് നിരോധനത്തിനെതിരായ വിദ്യാർഥികളുടെ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 11 ദിവസമാണ് ഹരജിയിൽ വാദം നടന്നിരുന്നത്. മതാചാരത്തിന്റെ ഭാഗമായി ഹിജാബ് അനുവദിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. എന്നാൽ ഒഴിച്ചുകൂടാനാകാത്ത മതാചാരമാണെന്ന് തെളിയിക്കാനായില്ലെന്ന് കോടതി വിലയിരുത്തുകയായിരുന്നു.

സ്കൂളുകളിൽ യൂണിഫോം അനുവദിക്കുന്നത് ഭരണഘടനാപരമാണെന്നും അതു സംബന്ധിച്ച് സർക്കാറിന് ഉത്തരവിറക്കാൻ അനുമതി ഉണ്ടെന്നും കോടതി വിലയിരുത്തി. വിധി പ്രഖ്യാപനത്തിന് മുന്നോടിയായി ബെംഗളൂരു നഗരത്തില്‍ ചൊവ്വാഴ്ച മുതല്‍ 21-വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധ പരിപാടികള്‍, ആഹ്ലാദപ്രകടനങ്ങള്‍, കൂടിച്ചേരലുകള്‍ എന്നിവ പാടില്ലെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ കമാല്‍ പന്ത് ഉത്തരവില്‍ വ്യക്തമാക്കി. ധര്‍വാദ്, കല്‍ബുര്‍ഗി ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ജനുവരിയിലാണ് സംസ്ഥാനത്ത് ഹിജാബ് വിവാദം രൂക്ഷമായത്. ഉഡുപ്പി ഗവ. വനിതാ പ്രീ-യൂണിവേഴ്സിറ്റി കോളേജിലാണ് ഹിജാബ് വിവാദം തുടങ്ങിയത്.പിന്നീട് ഇത് കർണാടകയിലെ നിരവധി സ്‌കൂളുകളിലേക്കും വ്യാപിച്ചിരുന്നു .ഉഡുപ്പി കോളേജില്‍ സമരരംഗത്തിറങ്ങിയ ആറുപേരുള്‍പ്പെടെ ഏഴ് വിദ്യാര്‍ഥിനികളാണ് ഹിജാബ് വിലക്കിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരുന്നത് .ഇവർ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത് .