പരസ്യ വിചാരണ;പെണ്‍കുട്ടിയ്ക്ക്  നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

0
176

ആറ്റിങ്ങലില്‍ മൊബൈൽ ഫോൺ  മോഷണം ആരോപിച്ച് അച്ഛനെയും എട്ടുവയസുകാരിയെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തില്‍  പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടിയെടുക്കാത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ  വിമര്‍ശനങ്ങളുമായി വീണ്ടും ഹൈക്കോടതി.

ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. സ്ഥലംമാറ്റം ശിക്ഷയാകില്ലെന്നും അച്ചടക്ക നടപടി വൈകുന്നത് എന്താണെന്നും കോടതി ചോദിച്ചു.സംഭവത്തില്‍ ഡി.ജി.പി തയ്യാറാക്കിയ റിപ്പോര്‍ട്ട് ആരെ സംരക്ഷിക്കാനാണ്. പൊലീസ് ക്ലബ്ബില്‍ ഇരുന്നല്ല കേസിനെ കുറിച്ച് അന്വേഷിക്കേണ്ടതെന്നും കോടതി വിമർശിച്ചു.. സര്‍ക്കാര്‍ അഭിഭാഷകന്‍ എന്തിനാണ് വസ്തുതകള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതെന്ന് കോടതി ചോദിച്ചു.

എന്തുകൊണ്ടാണ് കുട്ടിയുടെ വിഷയത്തില്‍ ബാലാവകാശ നിയമപ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്ന് പറയുന്നതെന്നും കോടതി ചോദിച്ചു.ഉദ്യോഗസ്ഥയ്ക്ക് അബദ്ധം പറ്റിയതാവാം പക്ഷെ മാപ്പ് പറയേണ്ട ബാധ്യത അവര്‍ക്കുണ്ട്. നമ്പി നാരായണന് കൊടുത്തത് പോലെ കുട്ടിക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി പറഞ്ഞുകേസ് തിങ്കളാഴ്ച പരിഗണിക്കുമ്പോള്‍ പിങ്ക് പൊലീസ് അപമാനിച്ച കുട്ടിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമോയെന്ന കാര്യം കോടതിയെ അറിയിക്കണമെന്നും പറഞ്ഞു .

ഓഗസ്റ്റ് 27നായിരുന്നു കേസിനാസ്പദമായ സംഭവം. പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി രജിതയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് വാഹനത്തില്‍ നിന്നും എടുത്തുവെന്ന് ആരോപിച്ചായിരുന്നു പരസ്യ വിചാരണ.എന്നാല്‍, ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ പിന്നീട്  പൊലീസ് വാഹനത്തില്‍ നിന്നുതന്നെ ലഭിച്ചു. എന്നാൽ സംഭവത്തിൽ മാപ്പ് പറയാൻ ഉദ്യോഗസ്ഥ തയാറായില്ലായിരുന്നു .