ഹെലികോപ്റ്റർ താഴ്ന്ന് പറന്നു ; വർക് ഷോപ്പ് തകർന്നു,

0
163

ഏറ്റുമാനൂർ വള്ളിക്കാട് കുരിശുമല ഭാഗത്ത് ഹെലികോപ്ടർ താഴ്ന്ന് പറന്നത് ആശങ്ക പരത്തി. മിനിറ്റുകളോളം ഹെലികോപ്റ്റർ താഴ്‌ന്ന്‌ പറന്നതിനെത്തുടർന്ന് വാഹന വർക്ക്ഷോപ്പിന്‌ നാശം സംഭവിച്ചു .ഇന്നലെ  രാവിലെ 10.45-നായിരുന്നു സംഭവം. ഇതേ ഹെലികോപ്‌റ്റർ വള്ളിക്കാട് ഭാഗത്തും താഴ്‌ന്നുപറന്നതായി നാട്ടുകാർ പറയുന്നു. കട്ടിപ്പറമ്പിൽ എം.ഡി.കുഞ്ഞുമോന്റ വീടിനോടുചേർന്നുള്ള വണ്ടി പെയിന്റിങ്‌ വർക്ക്ഷോപ്പിനാണു നാശംസംഭവിച്ചത്. വിലകൂടിയ ടാർപ്പോളിൻ ഉപയോഗിച്ച് നിർമിച്ചിരുന്ന മേൽക്കൂര പറന്നുപോയി. കൂടാതെ കീറി നശിക്കുകയുംചെയ്തു. വീടിന്റെ അടുക്കളഭാഗത്തെ ആസ്ബസ്റ്റോസ് ഷീറ്റുകൾ തകർന്നു.

സംഭവസമയത്ത്‌ വർക്ക്ഷോപ്പിൽ ഉണ്ടായിരുന്നവർ ഇറങ്ങിയോടി. രോഗിയായ കുഞ്ഞുമോന് ഓടാൻ സാധിച്ചില്ല. എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസ്സിലായില്ല. പിന്നെയാണ് വലിയ ശബ്ദത്തോടെ ഹെലികോപ്റ്റർ നിൽക്കുന്നത് കണ്ടത്. ശക്തമായ കാറ്റിൽ പൊടിപടലങ്ങൾ ഉണ്ടാകുകകയും കല്ലുകളും സാധനങ്ങളുംവരെ തെറിച്ചുപോയി.കൂനൂർ ഹെലികോപ്റ്റർ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ഹെലികോപ്റ്റർ താഴ്ന്ന് പറന്നത് വലിയ ആശങ്കയാണ് പ്രദേശത്തുണ്ടാക്കിയത്. ഒരുപക്ഷേ ഹെലികോപ്റ്റർ തകർന്ന് വീഴുകയാണോ എന്ന് പോലും നാട്ടുകാർ സംശയിച്ചു.

നാവികസേനയുടെ സിഎ ചാർലി എന്ന ഹെലികോപ്റ്ററാണ് താഴ്ന്ന് പറന്നതെന്നാണ് ജില്ലാ ഭരണകൂടത്തോട് നാവികസേന നൽകിയ വിശദീകരണം. എന്തിനാണ് ഇത്രയും താഴ്ന്ന് പറന്നതെന്ന കാര്യത്തിൽ ഇത് വരെ വിശദീകരണമില്ല. എന്തുകൊണ്ടാണ് ഹെലികോപ്റ്റർ താഴ്ന്ന് പറന്നുവെന്ന കാര്യം വിശദമായി അന്വേഷിക്കുമെന്നും ഇതിനായി വീട്ടുകാരോട് പരാതി നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ഡി ശിൽപ വ്യക്തമാക്കി.