നീലഗിരിയില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നു വീണു;സൈനിക മേധാവി ബിപിന്‍ റാവത്ത് ഗുരുതരാവസ്ഥയിൽ

0
109

നീലഗിരിയില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നു വീണു വൻ അപകടം .സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തുള്‍പ്പെടെയുള്ളവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ ഉൾപ്പടെ 14 പേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത് .സംഭവത്തിൽ നാല് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ബിപിന്‍ റാവത്തിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്‍റെ നില ഗുരുതരമാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇതുവരെ മൂന്ന് പേരെ രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും നീലഗിരി ജില്ലയിലെ വെല്ലിംഗ്ടൺ കന്റോൺമെന്റിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഇന്ത്യന്‍ വ്യോമസേനയുടെ F Mi-17V5 എന്ന ഹെലികോപ്ടറിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. കുനൂരില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേ കോയമ്പത്തൂരിനും സുലൂരിനും ഇടയില്‍ കാട്ടേരി പാര്‍ക്കില്‍‌ ലാന്‍ഡിങ്ങിന് ശ്രമിക്കുമ്പോഴായിരുന്നു അപകടം നടന്നത് . അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ആണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും നാട്ടുകാർ തന്നെയായിരുന്നു.

 ഹെലികോപ്ടറിലുണ്ടായിരുന്ന ബാക്കിയുള്ളവരെ  കണ്ടെത്താനും തിരിച്ചറിയാനുമുള്ള ശ്രമങ്ങളും തുടരുകയാണ്. പ്രദേശത്ത് പോലീസിന്റേയും സൈന്യത്തിന്റേയും പ്രദേശവാസികളുടേയും സഹായത്തോടെയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.അതേസമയം അപകടവിവരം പുറത്തു വന്നതിന് പിന്നാലെ ദില്ലിയിൽ സർക്കാർ തലത്തിൽ തിരക്കിട്ട കൂടിയാലോചനകൾ ആരംഭിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകടത്തിൻ്റെ വിശദാംശങ്ങൾ ധരിപ്പിച്ചു. കേന്ദ്രമന്ത്രിസഭയുടെ അടിയന്തര യോഗം അൽപസമയത്തിനകം ദില്ലിയിൽ ചേരും.

.