സ്വയം ട്രോളിയെ പോലീസിനെ ട്രോളി ഹരീഷ് വാസുദേവൻ

0
165

മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ മര്‍ദ്ദിച്ചതിനെ ന്യായീകരിച്ച് പോസ്റ്റ് പങ്കുവെച്ച കേരളാ പൊലീസിന്റെ നടപടിയ്‌ക്കെതിരെ ഹൈക്കോടതി അഭിഭാഷകനായ ഹരീഷ് വാസുദേവന്‍.

പ്രതികളെ കയ്യില്‍ കിട്ടിയാല്‍ ഇനിയും ഇടിക്കുമെന്നു പറയുന്ന ഊള സിനിമാ ഡയലോഗ് മീം ഒഫീഷ്യല്‍ ഫേസ്ബുക് പേജില്‍ ഷെയര്‍ ചെയ്ത് കേരളാ പൊലീസ് അവരുടെ സേനയുടെ നിലവാരം വീണ്ടും വ്യക്തമാക്കിയിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് വിഷയത്തിലെ തന്റെ പ്രതികരണം അദ്ദേഹം വ്യക്തമാക്കുന്നത്.

അഡ്വ: ഹരീഷ് വാസുദേവന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

എടാ പോടാ എന്നു വിളിക്കുന്ന പോലീസിനെ എന്താടാ ന്ന് തിരിച്ചും വിളിക്കും, എല്ലാവരും വിളിക്കണം എന്നു ഞാൻ ഇവിടെ പറഞ്ഞിട്ടധികം നാളായില്ല. അങ്ങനെ വിളിക്കാനല്ല, അധികാര ദുർവിനിയോഗം എന്നത് ഒരാൾക്ക് മാത്രം പറ്റുന്ന കാര്യമല്ല എന്നു ഓർമ്മിപ്പിക്കാനാണ് ആ ഭാഷ ഉപയോഗിച്ചത്. ആ വിളിച്ചത് തെറ്റാണെന്നും ജനങ്ങളോട് മര്യാദയ്ക്ക് പെരുമാറണം എന്നും പിന്നീട് ഹൈക്കോടതി ഉത്തരവിടുകയും DGP അത് അനുസരിച്ചു സർക്കുലർ ഇറക്കുകയും ചെയ്തു.
പ്രതികളെ കയ്യിൽ കിട്ടിയാൽ ഇനിയും ഇടിക്കുമെന്നു പറയുന്ന ഊള സിനിമാ ഡയലോഗ് മീം ഒഫീഷ്യൽ ഫേസ്ബുക് പേജിൽ ഷെയർ ചെയ്തു കേരളാ പോലീസ് അവരുടെ സേനയുടെ നിലവാരം വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്.
എടോ ഡീജീപ്പീ, ജനത്തെ ഇങ്ങോട്ട് തല്ലിയാൽ ജനം നിന്നെയൊക്കെ തിരിച്ചും തല്ലും, റോട്ടിലിട്ടു തല്ലും, പറ്റിയില്ലെങ്കിൽ കല്ലെറിയും. ചവിട്ടിയാൽ തിരിച്ചു ചവിട്ടി അടിനാഭി കലക്കും, പറ്റിയില്ലെങ്കിൽ ഇരുട്ടടി അടിക്കും… എന്നൊക്കെ ജനം തീരുമാനിച്ചാൽ ഈ സേന മൊത്തം മതിയാവില്ല ക്രമസമാധാനം തിരികെ കൊണ്ടുവരാനും തല്ലു നിർത്താനും.. മനസ്സിലായോ?
ഈ സേന നിയമം കയ്യിലെടുക്കും എന്നു വന്നാൽ, ജനം നിങ്ങളെ അനുസരിക്കുന്നത് അങ്ങ് നിർത്തും. നിന്റെയൊന്നും കയ്യിലുള്ള അധികാരം കണ്ടിട്ടോ മസിൽ പവർ കണ്ടിട്ടോ അല്ല നിന്നെയൊന്നും ജനം ബഹുമാനികുന്നത്, അതാ നിയമവ്യവസ്ഥയുടെ കാവലാളിന്റെ യൂണിഫോമിനോടുള്ള ബഹുമാനമാണ്. ആ ബഹുമാനവും വിശ്വാസവും നീയൊക്കെ കളഞ്ഞാൽ ഇന്നാട്ടിലെ നിയമവ്യവസ്ഥ തകരാൻ അധികം സമയം വേണ്ട.
ഇടിയോ തൊഴിയോ ഒന്നും പൊലീസിന് മാത്രം പറ്റുന്ന കാര്യമാണെന്ന് തെറ്റിധരിക്കരുത്..
പോലീസ് സേന തന്നെ നിയമം ലംഘിച്ചു തുടങ്ങുമെന്ന് ആണെങ്കിൽ അതിനൊരു അവസാനം ഉണ്ടാവില്ല. ഓർത്തോ.
ഇത് നിങ്ങളോട് പറയേണ്ടത് ഇന്നാട്ടിലെ ആഭ്യന്തര മന്ത്രിയാണ്. അദ്ദേഹമത് ചെയ്യാത്തത് കൊണ്ടാണ് ജനത്തിന് ഈ ഭാഷയിൽ പറയേണ്ടി വരുന്നത്.
*********************************
ഇങ്ങോട്ട് തരുന്നതേ അങ്ങോട്ടും കിട്ടൂ. പ്രതിയെ ഇടിക്കാൻ പൊലീസിന് അധികാരം തന്നിട്ടില്ല. കണ്ട ഊള സിനിമാ മീം ഇട്ടു വളിച്ച കോമഡി ഉണ്ടാക്കാനല്ല സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവിട്ടു ഒരു ഫേസ്‌ബുക്ക് പേജ് മാനേജ് ചെയ്യുന്നത്. അതിൽ വരുന്ന content നു മറുപടി പറയാൻ ഇന്നാട്ടിലെ ആഭ്യന്തരമന്ത്രിക്ക് ഈ നാട്ടിലെ ജനങ്ങളോട്, ഭരിക്കുന്ന മുന്നണിയോട് ഒക്കെ അക്കൗണ്ടബിലിറ്റി ഉണ്ട്.
ആ content നീക്കം ചെയ്തെങ്കിൽ നല്ലത്, അത് പോരാ, പലപല പോസ്റ്റുകളായി കേരളാ പോലീസ് പേജിൽ ഇമ്മാതിരി, നിയമത്തെ അട്ടിമറിക്കുന്ന, കേരളാ പോലീസ് ആക്ടിന്റെ ലംഘനമായ പോസ്റ്റുകൾ വരുന്നു. ഇതൊക്കെ അപ്രൂവ് ചെയ്ത ആളേ, അതിനി മനോജ് എബ്രഹാം ആയാലപ്പോലും അയാളെ ട്രെയിനിങ്ങിന് വിടണം. ഇനി തെറ്റു ആവർത്തിക്കില്ല എന്ന സ്ഥിതി ഉണ്ടാക്കണം.
മുഖ്യമന്ത്രി പിണറായി വിജയനു കേരളാ പോലീസിനെ തിരുത്താൻ പറ്റില്ലെങ്കിൽ, മര്യാദയും നിയമവ്യവസ്ഥയും പഠിപ്പിക്കാൻ പറ്റില്ലെങ്കിൽ, അത് തിരുത്തിക്കാൻ ഇന്നാട്ടിൽ ജനാധിപത്യത്തിൽ വേറെ വഴികളുണ്ട്. അത് ചെയ്യും.
പോലീസ് രാജിന്റെ കീഴിൽ ജീവിക്കാൻ തീരുമാനിച്ചിട്ടില്ല.
അഡ്വ.ഹരീഷ് വാസുദേവൻ.