ശബരിമല ഹലാൽ വിവാദം പൊളിഞ്ഞു : ശർക്കര ശിവസേനാ നേതാവിന്റെ കമ്പനിയിൽ നിന്ന്

0
188

സത്യത്തിന് ഒരു പ്രത്യേകത ഉണ്ട് . ഒരുപാട് കാലം അത് മൂടി വെയ്ക്കാൻ കഴിയില്ല. അത് സൂര്യനെപ്പോലെ യാണ് എത്ര ​കാർമേഘം മറിച്ചാലും അത് മറ നീക്കി പുറത്തു വരും. ഹലാൽ വിവാദത്തിൽ ശബരിമലയെ ഉൾപ്പെടുത്തിയുള്ള നീക്കം ചീറ്റീപ്പോയി. ഒരുക്കൽ ശബരിമലയുടെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഒത്തുകൂടിയവർ വിചാരിച്ചത് ഏത്കാലത്തും വർ​ഗീയ വിഷം ചീറ്റാൻ ശബരിമല മതിയാകും എന്നാണ്. പക്ഷേ അത് അങ്ങനെയല്ലാ എന്ന് ഇപ്പോ തെളിയിക്കപ്പെട്ടു. സം​ഗതി ഇതാണ്.

ശബരിമല ‘ഹലാൽ’ ശർക്കര വിവാദത്തിൽ പുതിയ വഴിത്തിരിവ്. അരവണ പ്രസാദവും അപ്പവും നിർമിക്കാനുള്ള ശർക്കരയെത്തുന്നത് മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലുള്ള കമ്പനിയിൽ നിന്നാണെന്നുള്ള ബി.ജെ.പി-സംഘപരിവാർ വാദം പൊളിയുന്നു. രജിസ്ട്രാർ ഓഫ് കമ്പനീസ് വെബ്സൈറ്റിലെ രേഖകൾ പ്രകാരം മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായ വർധൻ അഗ്രോ പ്രോസസിങ് ലിമിറ്റഡ് ആണ് ശർക്കര പായ്ക്കറ്റുകൾ നിർമിക്കുന്നതെന്ന് മീഡിയ വൺ റിപ്പോർട്ട് ചെയ്യുന്നു.

ഈ കമ്പനിയുടെ ചെയർമാനായ ധൈര്യശീൽ ധ്യാൻദേവ് കദം മഹാരാഷ്ട്രയിലെ ശിവസേനാ നേതാവാണ്. 2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഇയാൾ ശിവസേന സ്ഥാനാർത്ഥിയായിരുന്നു.ശർക്കരയും അതിന്റെ പൊടിയും മറ്റുമായി വിവിധ പേരുകളിൽ വർധൻ അഗ്രോയുടെ ഉൽപ്പന്നങ്ങൾ വിപണിയിലുണ്ട്. അതിലൊന്നാണ് ശബരിമലയിൽ അരവണപ്പായസത്തിന് ഉപയോഗിക്കുന്ന ജാഗരി പൗഡർ.

അറബ് രാഷ്ട്രങ്ങൾ ഉൾപ്പെടെ പല വിദേശരാജ്യങ്ങളിലേക്കും കമ്പനിയുടെ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നുണ്ട്. അതുകൊണ്ടാണ് പാക്കിങ്ങിൽ ഹലാൽ സർട്ടിഫിക്കറ്റ് രേഖപ്പെടുത്തുന്നത്. ഇക്കാര്യം നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡും വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയിലും ദേവസ്വം ബോർഡ് ഇത് സംബന്ധിച്ച വിശദീകരണം വ്യാഴാഴ്ച നൽകിയിട്ടുണ്ട്.

ശബരിമലയിൽ നിവേദ്യവും പ്രസാദവും തയ്യാറാക്കാൻ ഹലാൽ സാക്ഷ്യപ്പെടുത്തിയ ശർക്കരപ്പൊടി ഉപയോഗിച്ചെന്ന വാദം തെറ്റാണെന്നും ബോർഡ് പറഞ്ഞു.ഹർജിക്കാരന്റെ ആരോപണങ്ങൾ തെറ്റാണെന്നും ശബരിമലയിലെ അപ്പം, അരവണ വിൽപന തടയുക എന്ന ദുരുദ്ദേശ്യമാണ് ഉള്ളതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പറയുന്നു.

 

‘ശബരിമലയുടെ സൽപ്പേര് തകർക്കാനും തീർത്ഥാടകരുടെ മതവികാരം വ്രണപ്പെടുത്താനും അതുവഴി സാമുദായിക സൗഹാർദം തകർക്കാനുമുള്ള വിവിധ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ശ്രമമാണ് നടക്കുന്നത്,’ ബോർഡ് പറഞ്ഞു.ഇത് സംബന്ധിച്ച് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ സന്നിധാനം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ശബരിമല പ്രസാദത്തിന് ഹലാൽ ശർക്കര ഉപയോഗിക്കുന്നുവെന്നായിരുന്നു ബി.ജെ.പിയുടേയും ഹിന്ദു ഐക്യ വേദിയുടേയും പ്രചരണം.