ഗുരുവായൂര്‍ ക്ഷേത്രത്തിലെ 2022 ലെ ഉത്സവത്തോടനുബന്ധിച്ച് ഭക്ഷണം ഉണ്ടാക്കുന്നതിനായി ക്ഷണിച്ച ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്വട്ടേഷനെതിരെ വ്യാപക വിമര്‍ശനം. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദേഹണ്ഡ ജോലിക്കാരും സഹായികളും ബ്രാഹ്മണര്‍ തന്നെയായിരിക്കണമെന്നാണ് ദേവസ്വം ബോര്‍ഡ് സര്‍ക്കുലറിലൂടെ അറിയിചിരിക്കുന്നത് . ഇതാണ് വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. ജനുവരി 17 നാണ് ക്വട്ടേഷന്‍ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഫെബ്രുവരി രണ്ടാം തീയ്യതിയാണ് അവസാന തീയ്യതി.
ഫെബ്രുവരിയില്‍ നടക്കുന്ന ക്ഷേത്രോത്സവത്തോടനുബന്ധിച്ചാണ് പുതിയ ജോലിക്കാരെ നിയമിക്കുന്നതിന് സര്‍ക്കുലറിറക്കിയത്.പ്രസാദ ഊട്ട്, പകര്‍ച്ച വിതരണം എന്നിവക്കാവശ്യമായ ഭക്ഷണം ഉണ്ടാക്കുന്നതിലേക്കായി ദേഹണ്ഡപ്രവര്‍ത്തി, ഉള്‍പ്പെടെ എല്ലാ പ്രവ്യത്തികള്‍ക്കും വേണ്ടിയാണ്ദേവസ്വം ക്വട്ടേഷന്‍ ക്ഷണിച്ചത്. ഇതിനായി മുന്നോട്ട് വച്ചിട്ടുള്ള 13 നിബന്ധനകളില്‍ ഏഴാമതായാണ് ബ്രാഹ്മണര്‍ക്ക് മാത്രം എന്ന നിബന്ധന മുന്നോട്ട് വയ്ക്കുന്നത്.
ക്വട്ടേഷന്‍ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്. ദേവസ്വം ബോർഡ് ഭരിക്കുന്നത് സി പി എം ആണെന്നിരിക്കെ ഇത്തരമൊരു വ്യവസ്ഥ ഉൾപ്പെടുത്തിയത് ഹിന്ദു സമൂഹത്തിൽ അനൈക്യവും വിവേചനവും ഉണ്ടാക്കാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഇതേസമയം തന്നെ ബിജെപി സംസ്ഥാന വാക്താവ് സന്ദീപ് വാചസ്പതിയും ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ഈ ഉത്തരവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. സിപിഎം നേതാവ് അഡ്വ. കെ ബി മോഹൻദാസ് ചെയർമാനായുള്ള ഭരണ സമിതിയാണ് നിലവിൽ ദേവസ്വം ബോർഡിലെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ‘മതേതര, ജാതിവിവേചനമില്ലാത്ത’ സി പി എം ഇത്തരമൊരു നിബന്ധന മുന്നോട്ട് വെച്ചത് തന്നെ ഉള്ളിൽ ജാതീയത കടന്നു കൂടിയത് കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു ..