തിരുവനന്തപുരത്ത് വീണ്ടും വീടുകയറി ഗുണ്ടാക്രമണം. നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി സുനിലിനെയാണ് ഗുണ്ടകൾ ആക്രമിച്ചത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ സുനിലിനെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതികളായ രഞ്ജിത്തും അഭിലാഷും ഒളിവിലാണ്.
ആറാലുംമൂട്ടിലെ ഓട്ടോഡ്രൈവറാണ് സുനിൽ. കഴിഞ്ഞദിവസം പ്രതികളായ രഞ്ജിത്ത് അഭിലാഷ് എന്നിവരുമായി വാക്കുതർക്കം നടന്നിരുന്നു .ഇത് പിന്നീട് ചെറിയ അടിപിടിയിലും കലാശിച്ചിരുന്നു .എന്നാൽ വഴക്കിന് ശേഷം ഇവർ മടങ്ങുകയായിരുന്നു .
എന്നാൽ, രാത്രി 11 മണിയോടെ വീണ്ടും പക തീർക്കാനായിട്ട് പ്രതികൾ സുനിലിന്റെ വീട്ടിലെത്തി വീട്ടുകാരുടെ മുന്നിലിട്ട് സുനിലിനെ വെട്ടുകയായിരുന്നു. പൊലീസിനെ ഉടൻ വിളിച്ചെങ്കിലും സമയത്തിനെത്തിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ഇന്ന് രാവിലെയാണ് സംഭവസ്ഥലത്ത് പൊലിസെത്തി വിവരങ്ങൾ അന്വേഷിച്ചത്.
ഇതേസമയം തന്നെ തലസ്ഥാനത്തെ ചോരക്കളമാക്കി മാറ്റുകയാണ് ഗുണ്ടകൾ. രണ്ട് മാസത്തിനിടെ തിരുവനന്തപുരം റൂറല്‍ മേഖലയില്‍ മാത്രമുണ്ടായത് മുപ്പതിലേറെ ഗുണ്ടാ അതിക്രമങ്ങള്‍ ആണെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇതുകൂടാതെ ഗുണ്ടാസംഘങ്ങള്‍ പരസ്പരം ആക്രമിച്ച കേസുകളും പത്തിലേറെയുണ്ട്. നവംബര്‍ മുതലുള്ള കേസുകള്‍ പരിശോധിച്ചാൽ തന്നെ ഗുണ്ടകളുടെ തലസ്ഥാനമായി തിരുവനന്തപുരം മാറിയെന്ന് വ്യക്തമാണ് .