ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ

0
129

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ. കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടു. അദ്ദേഹത്തിന് എതിരായ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. ദൈവത്തിന് സ്തുതിയെന്നായിരുന്നു വിധി കേട്ട ശേഷം ഫ്രാങ്കോയുടെ ആദ്യ പ്രതികരണം.

ബലാൽസംഗം ഉൾപ്പെടെ ഏഴ് വകുപ്പുകളായിരുന്നു ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരുന്നത്. 105 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് വിധി.മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നൽകിയ പരാതിയിലായിരുന്നു കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ഡോ. ഫ്രാങ്കോ മുളയ്ക്കൽ പല തവണ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി.

2019 ഏപ്രിൽ നാലിനാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. 2020 സെപ്റ്റംബറിലാണ് കേസിൽ വിചാരണ ആരംഭിക്കുന്നത്. കേസിലെ 84 സാക്ഷികളിൽ 39 പേരെ കോടതി വിസ്തരിച്ചു. മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, രണ്ട് ബിഷപ്പുമാർ, 11 വൈദികർ, 25 കന്യാസ്ത്രീകൾ എന്നിവർ ഉൾപ്പെട്ടതായിരുന്നു സാക്ഷിപ്പട്ടിക.