കണ്ണൂർ നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീ പിടിച്ചു;ഒഴിവായത് വൻ ദുരന്തം

0
193

കണ്ണൂർ നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീ പിടിച്ചു. കണ്ണൂർ പൊടിക്കുണ്ടിലാണ് ഓടിക്കൊണ്ടിരുന്ന ബസ്സിന്‍റെ എഞ്ചിനിൽ പുക കണ്ടത്.  ദേശീയ പാതയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനടുത്ത് രാവിലെ പത്തോടെയാണ് സംഭവം. പാലിയത്ത് വളപ്പ്- കണ്ണൂര്‍ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് തീപിടിച്ചത്.

50-ല്‍ അധികം യാത്രക്കാരുമായി പോകുകയായിരുന്ന ബസിന്റെ എൻജിൻ ഭാഗത്തുനിന്നും പുക ഉയരുകയായിരുന്നു .തുടർന്ന് യാത്രക്കാരും ജീവനക്കാരും ബസില്നിനും ഇറങ്ങി ഓടി .പിന്നാലെ നിന്ന് കത്തിയ ബസ്സ് അഞ്ച് മിനിറ്റിനകം പൂർണമായും കത്തി നശിക്കുകയായിരുന്നു.  വിവരമറിഞ്ഞ് ഉടനെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ബസ്സിൽ നിന്ന് മറ്റ് വാഹനങ്ങളിലേക്കോ കെട്ടിടങ്ങളിലേക്കോ തീ പടരാതെ ഉടൻ തീയണച്ചു. ഡീസൽ ടാങ്കിന് തീ പിടിക്കാതെ ശ്രദ്ധിച്ച ഫയർഫോഴ്സും നാട്ടുകാരും ഒരു വലിയ പൊട്ടിത്തെറിയാണ് ഒഴിവാക്കിയത്.

സംഭവത്തിൽ  ഒരാള്‍ക്ക് പോലും പരിക്കേറ്റില്ല. ബസ് പൂര്‍ണമായും തീ പിടിക്കുന്നതിന് മുമ്പ് എല്ലാ യാത്രക്കാരേയും സുരക്ഷിതരായി പുറത്തിറക്കാന്‍ ജീവനക്കാര്‍ക്ക് സാധിച്ചു.ഇതോടെ വൻദുരന്തമാണ് ഒഴിവായത്. നഗരത്തിലെ രണ്ട് പ്രമുഖ ആശുപത്രികളായ എകെജി ആശുപത്രിയുടെയും കൊയിലി ആശുപത്രിയുടെയും തൊട്ടടുത്താണ് റോഡിൽ ബസ്സിന് തീ പിടിക്കുന്നത്.

ദുരന്തമുണ്ടായപ്പോൾത്തന്നെ നാട്ടുകാർ ഇടപെട്ടതും ഫയർഫോഴ്‌സ് എത്തി തീ അണച്ചതും  പൊലീസ് ഓടിയെത്തി ഗതാഗതം നിയന്ത്രിച്ചതുമാണ് ദുരന്തത്തിന്‍റെ വ്യാപ്തി കുറച്ചത്. രണ്ട് ഭാഗത്ത് നിന്നും വാഹനങ്ങൾ കടത്തി വിടുന്നത് നിയന്ത്രിച്ചു. തീയണയ്ക്കാൻ ഫയർഫോഴ്സിനെ നാട്ടുകാരും സഹായിച്ചു.