വസ്ത്രത്തിന്റെ പേരിൽ വായടപ്പിക്കാൻ നോക്കണ്ട ; ഫാത്തിമ തെഹ്‌ലിയ

0
144

ഓരോ വ്യക്തിയുടേയും അവകാശങ്ങൾക്ക് വില നൽകാനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതെന്ന് എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ. ലിംഗഭേദമില്ലാതെ ഏതൊരു വിദ്യാർത്ഥിക്കും യൂണിഫോമിന്റെ എല്ലാ ഘടകങ്ങളും ധരിക്കാൻ അനുവദിക്കലാണ് ജനാധിപത്യമെന്ന് തെഹ്‌ലിയ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തെഹ്‌ലിയ ഇക്കാര്യം വ്യക്തമാക്കിയത്.

ജൻഡർ ന്യൂട്രാലിറ്റിയും ജെൻഡർ സേൻസിറ്റൈസേഷനും രണ്ട് വ്യത്യസ്ത ആശയങ്ങളാണെന്നും ആളുകളുടെ സ്വത്വത്തെ മറച്ചുവെക്കപ്പെടാതെ നിലകൊള്ളാൻ സാധിക്കുക എന്നതാണ് ജൻഡർ ഇക്വാലിറ്റിയെന്നും തെഹ്‌ലിയ പറയുന്നു.ഏതൊരു സ്വത്വത്തേയും ഇല്ലാതാക്കി പൊതുസ്വത്വം എന്ന ഏകീകരണരൂപം മാനദണ്ഡമായി മാറിയാൽ അത് മറ്റ് സ്വത്വങ്ങളെ അരികുവത്കരിക്കും. ഓരോ വ്യക്തിയുടേയും അന്തസിന് ചേർന്ന, അവരുടെ ശാരീരിക സ്വയംഭരണവും സമഗ്രതയും ഉൾപ്പെടുന്ന അവകാശങ്ങൾ വകവെച്ച് നൽകാനുള്ള ശ്രമമാണ് സർക്കാർ നടത്തേണ്ടത്.

അല്ലാതെ തെരഞ്ഞെടുക്കാനുള്ള അവകാശത്തെ എടുത്തുകളയലോ പരിമിതപ്പെടുത്തലോ അല്ല. മുന്നോട്ടുള്ള അവരുടെ ജീവിതത്തിൽ ലിംഗഭേദമില്ലാതെ ഏതൊരു വിദ്യാർത്ഥിക്കും യൂണിഫോമിന്റെ എല്ലാ ഘടകങ്ങളും ധരിക്കാൻ അനുവദിക്കലാണ് ജനാധിപത്യം.ഇത് യു.ജി.സിയുടെ തന്നെ സാക്ഷം കമ്മിറ്റി റിപ്പോർട്ടിലും കേരളത്തിൽ നടന്ന കേരള ഹയർ എജുക്കേഷൻ കൗൺസിലിനു കീഴിൽ നടന്ന പഠനങ്ങളിലും പറയുന്നുണ്ടെന്നും തെഹ്‌ലിയ പറയുന്നു.