കർഷകർ മരിച്ചത് അറിഞ്ഞട്ടില്ല ;രേഖകൾ ഇല്ലാത്തതിനാൽ ധനസഹായം നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ

0
192

വിവാദമായ മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുള്ള കർഷകരുടെ സമരത്തിനിടെ മരിച്ച കര്‍ഷകരുടെ വിവരങ്ങള്‍ തങ്ങളുടെ പക്കലില്ലെന്ന് കേന്ദ്രം. കൃഷി മന്ത്രി നരേന്ദ്ര തോമര്‍ ആണ് കർഷക സമരത്തിനിടെ മരിച്ച കർഷകരുടെ വിവരങ്ങൾ തങ്ങളുടെ പക്കൽ ഇല്ല എന്ന്  ഇന്ന് പാര്‍ലമെന്റില്‍  പറഞ്ഞത്. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് സർക്കാര്‍ പാർലമെന്റിൽ കണക്കില്ലെന്ന മറുപടി നൽകിയത്. ചോദ്യത്തിന് പ്രസക്തിയില്ലെന്നും സർക്കാർ പാര്‍ലമെന്‍റില്‍ അറിയിച്ചു.

ദല്‍ഹി അതിര്‍ത്തിക്കടുത്തുള്ള പ്രതിഷേധ സ്ഥലങ്ങളിലെ മരണവിവരവും ദുരിതബാധിതരായ കുടുംബങ്ങള്‍ക്കുള്ള ധനസഹായത്തെക്കുറിച്ചുമുള്ള ചോദ്യത്തിനായിരുന്നു തോമറിന്റെ ഈ പ്രതികരണം. മന്ത്രാലയത്തിന് ഇക്കാര്യത്തില്‍ ഒരു രേഖയുമില്ല, അതിനാല്‍ സഹായം എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും തോമര്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒരു വര്‍ഷത്തിലേറെയായി കര്‍ഷകര്‍ സമരം നടത്തുകയാണ്. 700 ല്‍ അധികം കര്‍ഷകരാണ് സമരത്തിനിടെ മരണപ്പെട്ടത്.കാലാവസ്ഥ, വൃത്തിഹീനമായ സാഹചര്യങ്ങൾ മൂലമുണ്ടാകുന്ന അസുഖം, ആത്മഹത്യ എന്നിവയാണ് പ്രധാനമായും മരണങ്ങൾക്ക് കാരണം.

ഒരുവർഷമായി നീണ്ട കർഷക സമരത്തെ തുടർന്ന് കഴിഞ്ഞമാസം 19ന് വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ സർക്കാർ പിൻവലിച്ചിരുന്നു .എന്നിരുന്നാലും സമരം തുടരാനാണ് കർഷക സംഘടനകളുടെ തീരുമാനം. കാർഷിക നിയമങ്ങൾ റദ്ദാക്കൽ ബിൽ ലോക്സഭയിൽ പാസാക്കിയെങ്കിലും, മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി നൽകണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. കർഷകർക്ക് നേരെ പൊലീസ് ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.