മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടിയാക്കണം ; നിരാഹാര സമരം നടത്തി കർഷകർ !

0
155

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കി ഉയർത്തണമെന്ന ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ കർഷകരുടെനിരാഹാര സമരം.മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം ജലസേചനത്തിന് ഉപയോഗിക്കുന്ന ആറ് ജില്ലകളിലെ കർഷകരാണ് ജലനിരപ്പ് സംബന്ധിച്ച് നിരാഹാര സമരം നടത്തിയത്. മധുരയിലാണ് സമരം സംഘടിപ്പിച്ചത്. കർഷക കൂട്ടായ്മ നേതാവ് പി ആർ പാണ്ഡ്യൻ സമരം ഉദ്ഘാടനം ചെയ്തു .അണക്കെട്ടിലെ അറ്റകുറ്റപ്പണികൾ നടത്തി 152 അടി വരെ വെള്ളം സംഭരിക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം  പറഞ്ഞു.

തേനി, ഡിണ്ടിഗൽ, മധുര, വിരുദുനഗർ, ശിവഗംഗ, രാമനാഥപുരം ജില്ലകളിലെ കർഷകർ പ്രതിഷേധത്തിൽ പങ്കെടുത്തു.മുല്ലപ്പെരിയാറിൽ എഞ്ചിനീയർമാരുടെ വിദഗ്ധ സംഘം കൃത്യമായ പരിശോധന നടത്തണം. ബേബി ഡാം ശക്തിപ്പെടുത്തുന്ന പ്രവർത്തനത്തിന് വിദഗ്ധസംഘം മേൽനോട്ടം വഹിക്കണമെന്നും അദ്ദേഹം അറിയിച്ചു. ഇതിന് പുറമേ ബേബി ഡാം ബലപ്പെടുത്താനായി മുല്ലപ്പെരിയാർ അണക്കെട്ടിന് താഴെ 15 മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു.

 കേരള മുഖ്യമന്ത്രി പിണറായി വിജയനും എംകെ സ്റ്റാലിനും ഈ അടിയന്തിരമായി  വിഷയം ചർച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് കർഷകർ പറഞ്ഞു.നിരാഹാര സമരത്തിൽ തമിഴ്നാടിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ അഞ്ഞൂറിലേറെ കർഷകരാണ് സമരത്തിൽ പങ്കാളികളായി വന്നത്.