കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബിൽ തയ്യാറായി. കൃഷി, നിയമന്ത്രാലയം എന്നിവ ചേർന്നാണ് കരട് റിപ്പീൽ ബിൽ തയ്യാറാക്കിയത്. കരട് ബിൽ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചു. ബിൽ ബുധനാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന കേന്ദ്ര മന്ത്രിസഭാ യോഗം പാസാക്കും. വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുന്ന നടപടികളിൽ ഏറ്റവും പ്രധാനമാണ് റിപ്പീൽ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നത്. നിയമങ്ങൾ പിൻവലിക്കാനുള്ള കാരണങ്ങൾ സഹിതം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ബിൽ തയ്യാറാക്കിയിട്ടുള്ളത്. മൂന്ന് ബില്ലുകളും ഒരുമിച്ചാകും പിൻവലിക്കുക. പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുമ്പോൾ ആദ്യദിവസം ആദ്യബിൽ ആയി തന്നെ അവതരിപ്പിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
അതിനിടെ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ഇന്ന് കർഷക മഹാപഞ്ചായത്ത് ചേരും. രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തിൽ രാകേഷ് ടികായത് അടക്കമുള്ള നേതാക്കൾ പങ്കെടുക്കും.താങ്ങുവില സംബന്ധിച്ച് നിയമപരിരക്ഷ ഉറപ്പാക്കണം. നിർദിഷ്ട വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക, സമരത്തിൽ മരിച്ച കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം,കർഷകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം, അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്നത്തെ മഹാപഞ്ചായത്ത്. നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷമുള്ള ആദ്യ പ്രതിഷേധ പരിപാടിയാണ് ലഖ്‌നൗവിലെ മഹാപഞ്ചായത്ത്
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. കർഷകർ സമരം ആരംഭിച്ച് ഒരുവർഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണ്. കർഷകരെ സഹായിക്കാൻ ആത്മാർഥതയോടെയാണ് നിയമങ്ങൾ കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കർഷകരുടെ നൻമയ്ക്ക് വേണ്ടിയായിരുന്നു. എന്നാൽ ചില കർഷകർക്ക് അത് മനസിലാക്കാൻ സാധിച്ചില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷകർ മടങ്ങിപ്പോകണമെന്നും അഭ്യർഥിച്ചു.
പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽകൂടിയാണ് കേന്ദ്രസർക്കാർ നിർണായക തീരുമാനമെടുത്തത് എന്നതും ശ്രദ്ധേയമാണ്.