കൊടും വരൾച്ചയിൽ മരിച്ചുവീണ്‌ മൃഗങ്ങൾ ; ഹൃദയഭേദകമായ ചിത്രം

0
174

കെനിയയിലെ മാരകമായ വരൾച്ച നിവാസികൾക്കും മൃഗങ്ങൾക്കും അളവറ്റ നാശം വരുത്തിയിരിക്കുകയാണ് .ജലവും ഭക്ഷണവും കിട്ടാതെ ചത്ത് വീഴുകയാണ് മൃഗങ്ങൾ .കടുത്ത വരൾച്ച മൂലം രാജ്യത്തിന്റെ പകുതിയോളം കെനിയക്കാർ പട്ടിണിയുടെ വക്കിലാണ് ഇപ്പോൾ ..ചുട്ടുപൊള്ളുന്ന വെയിലിനടിയിൽ അഴുകിയ ശരീരഭാഗങ്ങളില്ലാത്ത മൃഗങ്ങളുടെ ഭീകരമായ ദൃശ്യങ്ങളാണ് നമുക്കിപ്പോൾ കെനിയയിൽ കാണാൻ സാധിക്കുന്നത് .

കെനിയയിലെ വരൾച്ച എത്രത്തോളം ഭയാനകമാണ് എന്നതിനെ സൂചിപ്പിക്കുന്ന ഒരു ചിത്രം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു .കടുത്ത വരൾച്ചമൂലം ആറ് ജിറാഫുകൾ നിലത്ത് ചത്തുകിടക്കുന്ന ഒരു ചിത്രമായിരുന്നു അത് . ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, 2.9 ദശലക്ഷം ആളുകൾക്ക് ഇപ്പോഴും രാജ്യത്ത് മാനുഷിക സഹായം ആവശ്യമാണ്.

കെനിയയുടെ ചില ഭാഗങ്ങളിൽ ഈയിടെയായി പതിറ്റാണ്ടുകളിലെ ഏറ്റവും മോശം മഴയാണ് ലഭിച്ചിരിക്കുന്നത് . സാധാരണ ലഭിക്കുന്നതിന്റെ മൂന്നിലൊന്ന് അളവു മഴ മാത്രമാണ് രാജ്യത്തു ലഭിച്ചത്. ഇതാണു കൊടും വരൾച്ചയ്ക്കു കാരണമായതെന്നു വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.

കെനിയയിൽ ഏറ്റവും ദുർബലരായ രണ്ട് വിഭാഗങ്ങളായ 465,000-ത്തിലധികം കുട്ടികളും 93,000 ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും വരൾച്ചയുടെ കാലത്ത് ഏറെ ദുരിതത്തിലാണ്. വടക്കൻ കെനിയയിലുടനീളം ഇത്തരക്കാരിൽ പോഷകാഹാര കുറവ് വർധിച്ച് വരികയാണ്.

2021 സെപ്റ്റംബറിൽ വരൾച്ചയെ ദേശീയ ദുരന്തമായി കെനിയൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. രണ്ടു ദശലക്ഷത്തിലധികം വരുന്ന കെനിയൻ സ്വദേശികൾ പട്ടിണിയിലാണെന്നും ഇത് രാജ്യത്തിന്റെ ജനസംഖ്യയുടെ പകുതിയിലധികം വരുമെന്നും സർക്കാർ വിലയിരുത്തുന്നു.

ഇന്ത്യൻ, പസഫിക് സമുദ്രങ്ങളിലെ കാലാവസ്ഥാ സാഹചര്യങ്ങളാണ്  കിഴക്കൻ ആഫ്രിക്കയിലെ മഴക്കാലം സൃഷ്ടിക്കുന്നതിനുള്ള പ്രധാന ഘടകങ്ങൾ. എന്നാൽ ഇത് നിലവിൽ ആഫ്രിക്കയ്ക്ക് അനുകൂലമല്ല. കാലാവസ്ഥ പ്രവചനങ്ങൾ യാഥാർത്ഥ്യമായാൽ, മാർച്ച് മുതൽ മെയ് വരെയുള്ള അടുത്ത മഴക്കാലവും പരാജയപ്പെടും. അതിന്റെ വ്യാപ്തിയും തീവ്രതയും അഭൂതപൂർവമായ വരൾച്ചയാകും സൃഷ്ടിക്കുക.