അധ്യാപകനിൽ നിന്നും ദുരനുഭവം; വാട്‌സാപ് ചാറ്റ് പങ്കുവെച്ച് നടി ദിവ്യ ഉഷ ഗോപിനാഥ്

0
129

തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിൽ അധ്യാപകനില്‍ നിന്ന് ലൈംഗികാക്രമണം ഏല്‍ക്കേണ്ടി വന്നു എന്ന  വിദ്യാര്‍ഥിനിയുടെ പരാതിയില്‍ അധ്യാപകന്‍ സുനില്‍കുമാറിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം നടക്കവേ ഇതേ അധ്യാപകനില്‍ നിന്നും തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്  നടി ദിവ്യ ഉഷ ഗോപിനാഥ്.കഴിഞ്ഞ അധ്യാപക ദിനത്തില്‍ ആശംസകള്‍ അറിയിച്ചപ്പോഴാണ് സുനില്‍ കുമാര്‍ മോശമായ രീതിയില്‍ തന്നോട് സംസാരിച്ചതെന്ന് ദിവ്യ ഉഷ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

‘ഒരു അധ്യാപക ദിനാശംസകള്‍ കൊടുത്തതാണ്. അധ്യാപകനാണല്ലോ വഴികാട്ടി തരണമല്ലോ… എന്റെ റിസേര്‍ച്ച് ഗൈഡുമായിരുന്നു. പിന്നെ ഒരു കൊണമുണ്ട് രാവിലത്തെ സോറിക്ക്.. മദ്യപിച്ചിരുന്നു എന്നുള്ള ന്യായീകരണം വന്നിരുന്നു. സ്ഥിരം ലൈസന്‍സ്.

സത്യം ആരുടെ വശത്താണെന്നും ആരുടെ ഒപ്പം നില്‍ക്കണമെന്ന് ആരും പ്രത്യേകം ബോധ്യപ്പെടുത്തി തരണമെന്നില്ല എന്ന് വ്യക്തമാക്കാനാണ് ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. മനസ്സിലാക്കാലൊക്കെ നേരത്തെ ആക്കിയിട്ടുള്ളതുമാണ്. നിസ്സംശയം എന്നും അവളോടൊപ്പം തന്നെ ഉറച്ചു നിലകൊള്ളും.

NB :- let me c what’s going to happen.

ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നുള്ള ആ ധൈര്യമുണ്ടല്ലോ. അതാണ് ഇന്നു ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചു നിന്ന് തകര്‍ത്തെറിയുന്നത്. Solidarity with all of you’ , ദിവ്യ ഗോപിനാഥ് ഫേസ്ബുക്കില്‍ കുറിച്ചു.

 

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ എസ്. സുനില്‍കുമാറിനെ കോളേജ് അധികൃതർ സസ്‌പെൻഡ്  ചെയ്തിട്ടുണ്ട്. അധ്യാപകന് ക്യാമ്പസില്‍ പ്രവേശിക്കുന്നതിനും വിലക്കിയിട്ടുണ്ട്.സ്കൂൾ ഓഫ് ഡ്രാമയിലെ ഡീൻ എസ് സുനിൽ കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് പീഡനത്തിനിരയായ പെൺകുട്ടി ഉന്നയിച്ചിരിക്കുന്നത്. ഒന്നാം വർഷ നാടക ബിരുദ വിദ്യാർഥിനിയെ സുനിൽ കുമാർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പീഡനത്തിനിരയാക്കി എന്നാണ് പരാതി.