നടിയെ ആക്രമിച്ച കേസിലെ വധശ്രമ ഗൂഢാലോചനക്കേസില്‍ ഒന്നാം പ്രതി ദിലീപടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലും ഫോണുകള്‍ കൈമാറണമെന്ന പ്രോസിക്യൂഷന്റെ ഉപഹര്‍ജിയിലും ഹൈക്കോടതി ഇന്ന് തുടര്‍വാദം കേള്‍ക്കും. രാവിലെ 11 മണിക്ക് പ്രത്യേക സിറ്റിങ് നടത്തിയാണ് ജാമ്യാപേക്ഷകള്‍ ജസ്റ്റിസ് പി ഗോപിനാഥിന്റെ ബഞ്ച് പരിഗണിക്കുക.
ദിലീപ് അടക്കം ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ബുധനാഴ്ച പരിഗണിക്കാനായിരുന്നു കോടതി മാറ്റിയത്. റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാന്‍ സാവകാശം വേണമെന്ന സര്‍ക്കാര്‍ ആവശ്യത്തെ തുടര്‍ന്നായിരുന്നു നടപടി.
ദിലീപ് അടക്കമുള്ളവരുടെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി ബുധനാഴ്ചവരെ നീട്ടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി ഇന്ന് പരിഗണിക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
ഇന്നലെ ജാമ്യാപേക്ഷയിലും മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിന്മേലും വാദം കേട്ട കോടതി വിശദവാദത്തിനായി ഹര്‍ജികള്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഫോണുകള്‍ ഹാജരാക്കാത്ത പ്രതികളുടെ നടപടി കഴിഞ്ഞ ദിവസം കോടതി ചോദ്യം ചെയ്തിരുന്നു.