നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അന്തിമ വിധി പറഞ്ഞില്ല.ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിക്കുന്നത്.ദിലീപും മറ്റ് പ്രതികളും അടുത്ത രണ്ട് ദിവസങ്ങളിൽ അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാണ് ഉത്തരവിൽ പറയുന്നത്. വ്യാഴാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു.
ഇതോടെ അടുത്ത ദിവസങ്ങളിൽ ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.അന്വേഷണ പുരോഗതി ചൊവ്വാഴ്ച കോടതിയെ അറിയിക്കണമെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. നാളെ മുതൽ ചൊവ്വാഴ്ച വരെ ചോദ്യം ചെയ്യാനാണ് അനുമതി.അതേസമയം ഉത്തരവിനെ പ്രോസിക്യൂഷൻ കോടതിയിൽ എതിർത്തു. പ്രതികൾ ചോദ്യം ചെയ്യലിന് ശേഷം ഒത്തുകൂടാനും പിറ്റേ ദിവസത്തേക്കുള്ള മൊഴികൾ പ്‌ളാൻ ചെയ്യാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
ബാലചന്ദ്ര കുമാർ പ്രോസിക്യൂഷൻ കെട്ടിയിറക്കിയ സാക്ഷിയാണെന്ന് നേരത്തെ ഹരജിയിന്മേൽ വാദം കേൾക്കുന്നതിനിടെ പ്രതിഭാഗം വാദിച്ചിരുന്നു.കേസ് നീട്ടിക്കൊണ്ട് പോകാനുള്ള പ്രോസിക്യൂഷന്റെ ശ്രമത്തിന്റെ ഭാഗമായി ഗൂഢാലേചനാ കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം പറഞ്ഞിരുന്നു.ദിലീപ് അടക്കമുള്ള പ്രതികൾക്കായി അഡ്വക്കറ്റ് രാമൻപിള്ളയാണ് ഹാജരായത്.