ഡാൻസ് ബാറിലെ രഹസ്യ അറയിൽ നിന്ന് 17 പെൺകുട്ടികളെ രക്ഷപെടുത്തി

0
233

അന്ധേരിയിലെ ഡാൻസ് ബാറുകളിലൊന്നിൽ തിങ്കളാഴ്ച നടന്ന റെയ്ഡിൽ 17 പെൺകുട്ടികളെ മുംബൈ പോലീസ്  രക്ഷപ്പെടുത്തി. മുംബൈയിലെ പ്രശസ്തമായ ഡാൻസ് ബാറുകളിലൊന്നായ ദീപ ബാറിനുള്ളിലെ രഹസ്യ മുറിയിലാണ് പെൺകുട്ടികളെ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

ഇടപാടുകാർക്കു മുന്നിൽ സ്ത്രീകളെ നിർബന്ധിച്ച് നൃത്തം ചെയ്യിക്കുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു അന്ധേരിയിലെ ദീപ ബാറിൽ പരിശോധന നടത്തിയത്. കൂടാതെ ബാർ കോവിഡ്-19 പ്രോട്ടോക്കോളുകൾ ലംഘിക്കുന്നുവെന്ന പരാതിയും ഉയർന്നിരുന്നു .എന്നാൽ പരിശോധനക്കായി പൊലീസ് എത്തിയപ്പോൾ ബാറിലെ  മിക്ക മുറികളും ഒഴിഞ്ഞ നിലയിലായിരുന്നു. ബാർ ജീവനക്കാരെ ചോദ്യം ചെയ്തിട്ടും ഫലമുണ്ടായില്ല.

ഇതിനിടെ മേക്കപ്പ് മുറിയിലെ വമ്പൻ കണ്ണാടി ശ്രദ്ധയിൽപെട്ടത് വഴിത്തിരിവായി. കണ്ണാടി ഭിത്തിയിൽനിന്നു മാറ്റാൻ ശ്രമിച്ചപ്പോൾ കഴിഞ്ഞില്ല. ഇതോടെ കണ്ണാടി ചുറ്റിക കൊണ്ടു പൊട്ടിച്ചപ്പോഴാണ് രഹസ്യ അറയിലേക്കുള്ള വഴി കണ്ടെത്തിയത്.17 സ്ത്രീകളാണ് അറയിലുണ്ടായിരുന്നത്. എസിയും കിടക്കകളും ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളും അറയിൽ ഒരുക്കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പോലീസ് ബാർ സീൽ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബാറുടമകൾക്കും മറ്റ് 20 പേർക്കുമെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്.