ബീഹാറിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ ദളിത് യുവാക്കളെ കൊണ്ട് ഏത്തമിടീക്കുകയും തുപ്പൽ നക്കിക്കുകയും ചെയ്ത സ്ഥാനാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദളിത് യുവാക്കളെ മർദ്ദിക്കുന്നതും തുപ്പൽ നക്കിക്കുന്നതുമായ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
ബീഹാറിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോറ്റ ബൽവന്ത് സിംഗാണ് അറസ്റ്റിലായത്. താൻ തോൽക്കാൻ കാരണം പ്രദേശത്തെ ദളിത് വിഭാഗമാണെന്നാരോപിച്ചായിരുന്നു ബൽവന്ത് ദളിത് യുവാക്കളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചത്. അതോടൊപ്പം ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്.
താൻ ഈ യുവാക്കൾക്ക് വോട്ട് ചെയ്യുന്നതിനായി പണം നൽകിയിരുന്നുവെന്നും എന്നാൽ ഇവർ തനിക്ക് വോട്ട് ചെയ്തില്ല എന്നുമാണ് ബൽവന്ത് ആരോപിക്കുന്നത്. യുവാക്കളേയും ചുറ്റും കൂടിനിന്നവരേയും അസഭ്യം പറയുന്നതും വീഡിയോയിൽ ഉണ്ട്. തന്നെ തോൽപ്പിച്ചതിന് ശിക്ഷയായാണ് ഇരുവരെക്കൊണ്ടും ഏത്തമിടീക്കുന്നത് എന്നാണ് ഇായാൾ പറയുന്നത്. ഇതിന് ശേഷം ബൽവന്ത് നിലത്ത് തുപ്പുകയും യുവാക്കളെ കൊണ്ട് തന്റെ തുപ്പൽ ബലം പ്രയോഗിച്ച് നക്കിയെടുപ്പിക്കുന്നുമുണ്ട്.
എന്നാൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് താൻ ഇവരെ ശിക്ഷിച്ചത് എന്നാണ് ബൽവന്ത് പറയുന്നത്. എന്നാൽ വോട്ട് ചെയ്യുന്നതിനായി പണം നൽകിയതിനെ കുറിച്ച് ഇയാൾ വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്. ഇതിനെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നാണ് ജില്ലാ പൊലീസ് മേധാവി കാന്തേഷ് കുമാർ മിശ്ര പറയുന്നത്.