പത്തനംതിട്ട തിരുവല്ലയിൽ പാർട്ടി പ്രവർത്തകയെ നഗ്നയാക്കി ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. സിപിഐഎം പ്രാദേശിക പ്രവർത്തകനും കേസിലെ 11മത് പ്രതിയുമായ സജി എലിമണ്ണിലാണ് അറസ്റ്റിലായത്. വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാണ് സജിക്കെതിരായ കേസ്. സിപിഐഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സിസി സജിമോൻ, ഡിവൈഎഫ്‌ഐ പ്രവർത്തകൻ നാസർ എന്നിവരടക്കം 12 പേരാണ് കേസിലെ പ്രതികൾ.
ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ തിരുവല്ല നഗരസഭയിലെ രണ്ട് കൗൺസിലർ മാരും ഇതിൽ ഉൾപ്പെടുന്നു. മുമ്പ് ഒരു വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും , ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ് ബ്രാഞ്ച് സെക്രട്ടറിയായ സജി മോൻ . എന്നാൽ ഇതുവരെ സജിമോനെതിരെ പരാതി കിട്ടിയിട്ടില്ലെന്ന് തിരുവല്ല സിപിഎം ഏരിയ സെക്രട്ടരി ഫ്രാൻസിസ് വി.ആന്റമി പറഞ്ഞു. പരാതി കിട്ടിയാൽ മുഖം നോക്കാതെ നടപടിയെടുക്കും എന്നാണ് ഏരിയാ സെക്രട്ടറി പ്രതികരിച്ചത്.
അതേ സമയം അന്വേഷണം പുരോഗമിക്കുകയാണെന്നും മറ്റുപ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.തിരുവല്ല കുറ്റപുഴയിൽ നിന്നുമാണ് സജിയെ അറസ്റ്റ് ചെയ്തത്. മൊബൈൽ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. കേസ് അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് പ്രതിഷേധം കനക്കുന്നതിനിടെയാണ് ആദ്യ അറസ്റ്റ്.
പത്തനംതിട്ടയിലേക്ക് പോവാൻ ഒരുങ്ങിയ വനിതാ പ്രവർത്തകയെ തങ്ങളും അതേ വഴിക്കാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കാറിൽ കയറ്റുകയായിരുന്നു. വഴിയിൽ വെച്ച് ശീതളപാനീയം നൽകി മയക്കികിടത്തിയ ശേഷം യുവതിയുടെ നഗ്നചിത്രങ്ങൾ എടുത്തുവെന്നാണ് ആരോപണം. ചിത്രങ്ങൾ പുറത്ത് വിടാതിരിക്കാൻ പണം വേണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടിയെന്നും യുവതി പരാതി നൽകി. യുവതിയോട് പ്രതികൾ രണ്ട് ലക്ഷം രൂപ വേണമെന്ന് നിരന്തരം ആവശ്യപ്പെട്ടതായി ആണ് പരാതി.