കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്കൂളുകള്‍ ഉടൻ അടയ്ക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉൾപ്പെടെ പങ്കെടുത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്കൂളുകള്‍ അടയ്ക്കുന്നതു സംബന്ധിച്ച തീരുമാനം അടുത്ത അവലോകനയോഗത്തിലേക്ക് മാറ്റി. വാരാന്ത്യ, രാത്രികാല നിയന്ത്രണങ്ങൾ ഉടനുണ്ടാകില്ല. ആൾക്കൂട്ട നിയന്ത്രണം കൂടുതൽ കർശനമാക്കും.
ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വിവാഹം, മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെ എല്ലാ പരിപാടികളിലും പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് അടച്ചിട്ട മുറികളിൽ പരമാവധി 75 പേർ, തുറസ്സായ സ്ഥലങ്ങളിൽ പരമാവധി 150 പേർ എന്നിങ്ങനെ പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്
സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ അടച്ചിടല്‍ പോലെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും അറിയിച്ചിരുന്നു. സംസ്ഥാനത്തെ കരുതല്‍ ഡോസ് കൊവിഡ് വാക്സിനേഷന്‍ നാളെ മുതല്‍(ജനുവരി 10) ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. 5.55 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍, 5.71 ലക്ഷം കൊവിഡ് മുന്നണി പോരാളികള്‍ എന്നിവരാണുള്ളത്.
കരുതല്‍ ഡോസ് എങ്ങനെ ബുക്കുചെയ്യാം
കരുതല്‍ ഡോസ് വാക്‌സിനേഷനായി വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ആദ്യം https://www.cowin.gov.in എന്ന ലിങ്കില്‍ പോകുക. നേരത്തേ രണ്ട് ഡോസ് വാക്‌സിനെടുത്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതിന് താഴെ കാണുന്ന പ്രികോഷന്‍ ഡോസ് എന്ന ഐക്കണിന്റെ വലതുവശത്തു കാണുന്ന ഷെഡ്യൂള്‍ പ്രികോഷന്‍ ഡോസ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അവിടെ സെന്ററും സമയവും ബുക്കുചെയ്യാം.