കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ സൗദി അറേബ്യ സൗദി പൗരന്മാർക്കു യാത്ര വിലക്കേർപ്പെടുത്തി. ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതാണ് സൗദി അറേബ്യ നിരോധിച്ചിരിക്കുന്നത്.
ഇന്ത്യക്ക് പുറമെ ലെബനന്‍, സിറിയ, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, യെമന്‍, സൊമാലിയ, എത്യോപ്യ, കോംഗോ, ലിബിയ, ഇന്തോനേഷ്യ, വിയറ്റ്‌നാം, അര്‍മേനിയ, ബെലാറസ്, വെനസ്വേല എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതാണ് സൗദി താല്‍ക്കാലികമായി വിലക്കിയിരിക്കുന്നത്.
അതേസമയം, ഇന്ത്യയിലോ ലിസ്റ്റില്‍ പെട്ട മറ്റ് 16 രാജ്യങ്ങളിൽ ഉള്ള പൗരന്മാര്‍ക്കോ സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനോ രാജ്യത്ത് പ്രവേശിക്കുന്നതിനോ വിലക്കേർപ്പെടുത്തിയതായി പ്രസ്താവനയില്‍ സൂചിപ്പിച്ചിട്ടില്ല.
ഇന്ത്യയിൽ കൊവിഡ് കേസുകളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നേരിയ വര്‍ധനവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് കഴിഞ്ഞ ദിവസം രാജ്യത്ത് 2226 പുതിയ കേസുകളും 65 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ കുരങ്ങുപനി വ്യാപിക്കുകയും ലോകാരോഗ്യ സംഘടനയടക്കം ആശങ്ക രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് സൗദി ഇക്കാര്യം വ്യക്തമാക്കിയത്.