മൈസൂരിലെ സെന്റ് റൊസെല്ല കോണ്‍വെന്റിൽ നടക്കുന്ന അനീതികളെ തുറന്ന് പറഞ്ഞതിന്റെ പേരിൽ താൻ ക്രൂരമായ പീഡനത്തിന് ഇരയായെന്ന് കന്യാസ്ത്രീയുടെ വെളിപ്പെടുത്തൽ.തന്നെ ഭ്രാന്തിയാക്കി മുദ്ര കുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി അവർ തന്നെ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചതായും കന്യാസ്ത്രീ ആരോപിക്കുന്നു.കഴിഞ്ഞ 25വർഷമായി താൻ തിരുവസ്ത്രം അണിയുന്നു.ഇപ്പോൾ അതും മഠം തനിക്ക് നിഷേധിച്ചതായി സിസ്റ്റര്‍ മേരി എല്‍സീന പറഞ്ഞു.

കോണ്‍വെന്റില്‍ നടക്കുന്ന അനീതികളെക്കുറിച്ചും അഴിമതികളെക്കുറിച്ചും കേസ് നല്‍കിയിരുന്നു.ഇതിലുണ്ടായ പകയാണ് തനിക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് കാരണം.കേസ് പിന്‍വലിക്കണമെന്ന് അധികാരികള്‍ ആവശ്യപ്പെട്ടിരുന്നു.ഇത് അനുസരിക്കാതെ ആയതോടെയാണ് സംഘം ആക്രമിച്ചത്.കയ്യും കാലുമൊക്കെ കെട്ടിയിട്ട് ഇഞ്ചക്ഷന്‍ വെച്ചു. ശരീരമാകെ തളര്‍ന്നുപോയി.പരിചയമില്ലാത്തവരാണല്ലോ ഉപദ്രവിക്കുന്നത് എന്നതോര്‍ത്ത് ഞാന്‍ അലറിക്കരഞ്ഞു.എന്റെ അമ്മമാര്‍ എന്നെ രക്ഷിക്കുമല്ലോ എന്ന് കരുതി.പക്ഷേ ആരും വന്നില്ല. അവിടെ നിന്ന് വലിച്ചിഴച്ചാണ് താഴെയെത്തിച്ചത്.ഒരു കാറില്‍ കയറ്റിയശേഷം നേരെ സെന്റ് മേരീസ്മെന്റല്‍ ഹോസ്പിറ്റലിലാക്കുകയായിരുന്നു.പുരുഷന്മാര്‍ക്ക് അനുവാദമില്ലാതെ മഠത്തില്‍ കയറാനാകില്ല.സിസ്റ്റര്‍മാരോ അല്ലെങ്കില്‍ സുപ്പീരിയര്‍ സിസ്റ്ററോ ആരെങ്കിലും അനുവാദം കൊടുക്കണം.ഗുണ്ടകളെ കൊണ്ട് കോണ്‍വെന്റിലുള്ളവര്‍ മനപ്പൂര്‍വ്വം മര്‍ദ്ദിച്ചതാണെന്നും സിസ്റ്റര്‍ പറയുന്നു.ഇറ്റലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്‍വെന്റാണ് സെന്റ് റൊസെല്ല.