തന്നെ മനപ്പൂർവ്വം അപമാനിക്കാനുള്ള ശ്രമം : കെ.എസ്.ചിത്രയുടെ ഭർത്താവ്

0
159

വട്ടിയൂർക്കാവിലെ ഫ്‌ളാറ്റ് വിൽപനയുമായി ബന്ധപ്പെട്ട് തനിക്കെതിരെ കുപ്രചരണം നടക്കുകയാണെന്ന് ഗായിക കെ.എസ്. ചിത്രയുടെ ഭർത്താവ് വിജയ് ശങ്കർ.ഫ്‌ളാറ്റിന്റെ പേരിൽ പണം തട്ടാൻ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പ്രമോദ് എന്നയാളുടെ പരാതി വസ്തുതയില്ലാത്തതാണെന്നും തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച് കുപ്രചരണം നടത്തുകയാണെന്നുമാണ് വിജയ് ശങ്കർ പറഞ്ഞത്.

വട്ടിയൂർക്കാവിൽ പേൾ മാനർ എന്ന ഫ്‌ളാറ്റ് സമുച്ചയത്തിലെ ഒരു ഫ്‌ളാറ്റ് വാങ്ങാൻ എഗ്രിമെന്റ് ഒപ്പുവെച്ചിട്ടും ഫ്‌ളാറ്റുടമകൾ സെയിൽ ലെറ്റർ നൽകാതെ വഞ്ചിച്ചെന്നും കൂടുതൽ പണം ആവശ്യപ്പെട്ടുവെന്നുമായിരുന്നു പ്രമോദ് എന്നയാൾ പരാതി നൽകിയത്. വിജയ് ശങ്കർ ഫ്‌ളാറ്റുടമകൾക്ക് വേണ്ടി കൂടുതൽ പണം ആവശ്യപ്പെട്ടെന്നും ഫ്‌ളാറ്റിൽ വന്ന് തങ്ങളെ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതിയിൽ പറഞ്ഞത്.

എന്നാൽ ഫ്‌ളാറ്റുമായി ബന്ധപ്പെട്ട സാമ്പത്തികപരമോ അല്ലാത്തതോ ആയ കാര്യങ്ങളിൽ തനിക്ക് ഒരു ഇടപാടും ഇല്ലെന്നാണ് വിജയ് ശങ്കർ പ്രതികരിച്ചത്.പ്രമോദ് എന്നയാൾക്കെതിരെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ചതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിച്ചുണ്ടെന്നും ഇത് ഒത്തുതീർക്കുന്നതിന് വേണ്ടിയുള്ള സമ്മർദ്ദമാണ് ഈ വ്യാജപ്രചരണങ്ങളിലൂടെ നടക്കുന്നതെന്നുമാണ് വിജയ് ശങ്കർ പറഞ്ഞത്.

തന്റെയും ചിത്രയുടെയും പേര് അനാവശ്യമായി വലിച്ചിഴച്ച പ്രമോദിനും വീഡിയോ പ്രചരിപ്പിച്ച യൂട്യൂബർക്കുമെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും വിജയ് ശങ്കർ കൂട്ടിച്ചേർത്തു. പ്രമോദ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നതെന്നും ഒളിവിലിരിക്കെയാണ് സോഷ്യൽ മീഡിയയിലൂടെ വീഡിയോ പ്രചരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.