യുവാവിനെ കൊന്ന് കുഴിച്ചുമൂടി പത്താംക്ലാസ് വിദ്യാർത്ഥിനികൾ !

0
84

സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ യുവാവിനെ കൊന്ന് കുഴിച്ചുമൂടി രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍. തമിഴ്‌നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം.സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട സുഹൃത്തിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടികള്‍ കൃത്യം നടത്തിയതെന്നാണ് അറമ്പാക്കം പൊലീസ് പറയുന്നത്.

സ്വകാര്യ ദൃശ്യങ്ങൾ ഉപയോഗിച്ച് പെൺകുട്ടികളെ നിരന്തരമായി  ബ്ലാക്ക് മെയിൽ ചെയ്ത  ഇരുപത്തിയൊന്നുകാരനായ കോളേജ് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിൽ ആണ് പത്താംക്ലാസ് വിദ്യാർത്ഥിനികൾ അറസ്റ്റിലായത് .പ്രേംകുമാര്‍ എന്ന  ബിരുദവിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ പെണ്‍കുട്ടികളുമായി അടുപ്പം കാണിച്ച ശേഷം സ്വകാര്യദൃശ്യങ്ങള്‍ കൈക്കലാക്കിയെന്നും പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി ഒരുലക്ഷത്തോളം രൂപ ഇയാള്‍ കുട്ടികളെ ഭീക്ഷണിപ്പെടുത്തി തട്ടിയെടുത്തു. ഇതോടെ ശല്യം സഹിക്ക വയ്യാതെ പെണ്‍കുട്ടികള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട മറ്റൊരു സുഹൃത്തായ  അശോക് എന്നയാളോട് സഹായം തേടി.പ്രേംകുമാറിന്റെ ഫോൺ തട്ടിയെടുക്കാനും ഫോട്ടോകൾ ഇല്ലാതാക്കാനും സഹായിക്കണമെന്ന് പെൺകുട്ടികൾ അശോകിനോട്  ആവശ്യപ്പെടുകയായിരുന്നു .

അശോകിന്റെ നിര്‍ദേശപ്രകാരം പണം നല്‍കാന്‍ എന്ന് പറഞ്ഞ്, പ്രേംകുമാറിനെ പെണ്‍കുട്ടികള്‍ ഷോളാവാരത്ത് വിളിച്ചുവരുത്തി.അവിടെ വച്ച് അശോകും കൂട്ടരും ഇയാളെ ഈച്ചങ്ങാട്ടേക്ക് തട്ടിക്കൊണ്ടുപോയി പിന്നീട് അവിടെവെച്ച്  മര്‍ദിച്ച് കൊലപ്പെടുത്തി കുഴിച്ചിടുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത് .അശോകനോട് ഫോൺ വീണ്ടെടുക്കാൻ മാത്രമാണ് തങ്ങൾ  ആവശ്യപ്പെട്ടതെന്ന് പെൺകുട്ടികൾ ആദ്യം പറഞ്ഞെങ്കിലും പിന്നീട് ഷോളവരം ടോൾ പ്ലാസയിൽ നിന്ന് പ്രേംകുമാറിനെ തട്ടിക്കൊണ്ടുപോകാൻ അശോകിനെയും കൂട്ടാളികളെയും സഹായിച്ചത് തങ്ങളാണെന്ന് സമ്മതിച്ചതായി പോലീസ് പറഞ്ഞു.

പ്രേംകുമാറിന്റെ മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.തുടർന്ന് തിരുവള്ളൂരിലെ ഈച്ചങ്ങാട് ഗ്രാമത്തിൽ കുഴിച്ചിട്ട നിലയിൽ പ്രേംകുമാറിനെ മൃതദേഹം  കണ്ടെതുകയായിരുന്നു .പൊലീസ് കണ്ടെടുത്ത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.പ്രതികളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

പെൺകുട്ടികളെ സർക്കാർ ശിശുഭവനിലേക്ക് മാറ്റി. കൊലപാതകക്കേസിലെ മുഖ്യപ്രതി അശോകിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. അശോകന്റെ അറസ്റ്റിന് ശേഷമേ വ്യക്തമായ ചിത്രം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.