വിവാദ യു ട്യൂബറെ മർദിച്ച കേസ് ;ഭാഗ്യലക്ഷ്മി അടക്കം മൂന്നു പേര്‍ക്കെതിരെ കുറ്റപത്രം

0
103

വിവാദ യു ട്യൂബര്‍ വിജയ് പി.നായരെ മര്‍ദിച്ച കേസില്‍ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം മൂന്നു പേര്‍ക്കെതിരെ കുറ്റപത്രം. മൂന്നു പേരോടും ഈ മാസം 22 ന് നേരിട്ടു ഹാജരാകാന്‍ കോടതി നിര്‍ദേശം നൽകി . ഭാഗ്യലക്ഷ്മിയോടൊപ്പമുണ്ടായിരുന്ന ആക്റ്റിവിസ്റ്റുകളായ ദിയസന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് മറ്റു പ്രതികള്‍. ലോഡ്ജില്‍ അതിക്രമിച്ചു കടന്നു വിജയ്.നായരെ മര്‍ദിച്ചശേഷം മഷി ഒഴിച്ചെന്നാണ് കുറ്റപത്രം.

കൂടാതെ  ലാപ്ടോപും മൊബൈലും മോഷ്ടിച്ചെന്പരാതിയിലുണ്ടായിരുന്നെങ്കിലും മോഷണ കുറ്റം ചുമത്തിയിട്ടില്ല. മൂവരോടും ഈ മാസം 22 ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകണം എന്ന് നിർദ്ദേശം നല്കിയിട്ടുണ്ട് . 2020 സെപ്റ്റംബര്‍ 26 ന് നടന്ന സംഭവത്തിൽ തമ്പാനൂര്‍ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഇരുവിഭാഗവും പരസ്പരം കേസ് കൊടുത്തിരുന്നു. ഭാഗ്യലക്ഷ്മിയുടെയടക്കമുള്ളവരുടെ പരാതിയില്‍ വിജയ് പി.നായരെ അറസ്റ്റു ചെയ്തിരുന്നു.

തുടർന്ന് വിജയ് പി.നായരുടെ പരാതിയില്‍ അന്നു മൂവര്‍ക്കും മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ഓഫിസില്‍ കടന്നുകയറി അകാരണമായി മര്‍ദിച്ചെന്നും ലാപ്ടോപും മൊബൈല്‍ഫോണും മോഷ്ടിച്ചെന്നുമായിരുന്നു വിജയ് പി.നായരുടെ പരാതി. അന്നും പൊലീസ് ഭാഗ്യല്ഷ്മിയടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യം എതിര്‍ത്തിരുന്നു.അതിനുശേഷമാണ് ഇപ്പോള്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

മലയാള സിനിമയിലെ മുതിര്‍ന്ന ഡബിങ് ആര്‍ട്ടിസ്റ്റിനെയും മറ്റു പ്രമുഖ ഫെമിനിസ്റ്റുകളെയും അവഹേളിച്ചുകൊണ്ടും സഭ്യമല്ലാത്ത ഭാഷയില്‍ പരാമര്‍ശിച്ചുകൊണ്ടും വിഡിയോ തയാറാക്കി വിജയ് പി നായര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചതാണ് ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും പ്രതിഷേധത്തിനിടയാക്കിയത്.സംഭവത്തില്‍ ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേര്‍ രംഗത്തുവന്നിരുന്നു.