ഓഫ്‌റോഡ് ഡ്രൈവ്;ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
225

വാഗമണ്ണിലെ ഓഫ് റോഡ് റെയ്‌സില്‍ പങ്കെടുത്ത നടൻ  ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്.നോട്ടീസ് കിട്ടിയിട്ടും ഹാജരാകാതിരുന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച ശേഷം ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ജോജു ജോര്‍ജിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഈ മാസം 10-ാം തിയതിയാണ് ജോജുവിന് നോട്ടീസ് നല്‍കിയത്.അതുകൊണ്ട് തന്നെ ഇന്ന് ഹാജരായില്ലെങ്കില്‍ ജോജു ജോര്‍ജിന്റെ ഡ്രൈവിങ്ങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ചേക്കുമെന്നാണ് സൂചന .

ആറുമാസം വരെ ലൈസന്‍സ് റദ്ദാക്കാവുന്ന കുറ്റമാണ് ജോജു ചെയ്തത്.വാഗമണ്ണില്‍ നിയമവിരുദ്ധമായി നടന്ന ഓഫ് റോഡ് റൈഡിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു .ഇതോടെ കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് സംഭവത്തിൽ പരാതി നൽകുക ആയിരുന്നു . വാഗമണ്ണില്‍ സംഘടിപ്പിച്ച ഓഫ് റോഡ് റൈഡ് നിയമവിരുദ്ധമെന്ന് ആരോപിച്ചായിരുന്നു പരാതി നൽകിയിരുന്നത് . ഇടുക്കി ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.

വാഗമണ്‍ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ കൃഷിക്കു മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയില്‍ കൈവശമുള്ള ഭൂമിയില്‍ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചത്. ഇത് പ്ലാന്റേഷന്‍ ലാന്റ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. നടന്‍ ജോജുവിന്റെ നേതൃത്വത്തില്‍ നടന്ന ഓഫ് റോഡ് മത്സരത്തില്‍ യാതൊരു തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നില്ല. അപകടകരമായ രീതിയിലാണ് പരിപാടി നടന്നതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ജില്ലാ ഭരണകൂടത്തിന്റെയോ പോലീസിന്റെയോ മോട്ടോര്‍ വാഹന വകുപ്പിന്റെയോ അനുമതിയും മത്സരത്തിനില്ലായിരുന്നുവെന്നും പരാതിയില്‍ പഞ്ഞിരുന്നു.