ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കഴിഞ്ഞ ദിവസമായിരുന്നു ബി.ജെ.പി എം.എല്‍.എയെ വേദിയില്‍ വെച്ച് ഒരു കര്‍ഷകന്‍ പരസ്യമായി കരണത്തടിച്ചത്. ബി.ജെ.പി എം.എല്‍.എ പങ്കജ് ഗുപ്തയ്ക്കായിരുന്നു തിങ്ങി നിറഞ്ഞ സദസിന് മുന്നില്‍ വെച്ച് കര്‍ഷകനോട് അടി വാങ്ങേണ്ടി വന്നത്.
എന്നാല്‍ കര്‍ഷകന്‍ തന്നെ തല്ലിയതല്ലെന്നും തലോടിയതാണെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പങ്കജ് ഗുപ്ത. വേദിയില്‍ തനിക്കരികിലേക്കെത്തിയ ആ കര്‍ഷകന്‍ തന്റെ ചാച്ചയാണെന്നും അദ്ദേഹം പതിവായി ചെയ്യാറുള്ളതുപോലെ തന്റെ മുഖത്ത് തലോടിയതാണെന്നുമായിരുന്നു പങ്കജ് ഗുപ്ത പറഞ്ഞത്. വ്യാജമായ പ്രചരണങ്ങളാണ് തനിക്കെതിരെ ഇപ്പോള്‍ പ്രതിപക്ഷം നടത്തുന്നതെന്നും തെരഞ്ഞെടുപ്പ് എങ്ങനെയെങ്കിലും ജയിക്കാനുള്ള ശ്രമമാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്ലെന്നും ബി.ജെ.പി എം.എല്‍.എ പറഞ്ഞു.
നിങ്ങള്‍ കണ്ട, വ്യാപകമായി പ്രചരിച്ച ആ വീഡിയോയിലുള്ളത് എന്റെ ചാച്ചയാണ്. അദ്ദേഹം ഒരിക്കലും എന്നെ തല്ലിയതല്ല. പതിവായി ചെയ്യാറുള്ളത് പോലെ എന്റെ കവിളില്‍ തലോടുക മാത്രമായിരുന്നു, എന്നായിരുന്നു വയോധികനെ അടുത്തിരുത്തിക്കൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പങ്കജ് ഗുപ്ത പറഞ്ഞത്.സംഭവത്തെ പ്രതിപക്ഷം വളച്ചൊടിച്ച് തനിക്കെതിരെ പ്രചരിപ്പിക്കുകയാണെന്നും കര്‍ഷകര്‍ മുഴുവന്‍ മോദിക്ക് എതിരാണെന്ന് കാണിക്കാന്‍ വേണ്ടിയാണ് ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.
എം.എല്‍.എയെ താന്‍ തല്ലിയില്ലെന്നും അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ചില കാര്യങ്ങള്‍ പറയുകയായിരുന്നു എന്നുമായിരുന്നു കര്‍ഷകന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എം.എല്‍.എയുമായി തനിക്ക് യാതൊരു പ്രശ്നമില്ലെന്നും കര്‍ഷകന്‍ ഛത്രപാല്‍ പറഞ്ഞു.