കേരളത്തിൽ വീണ്ടും പക്ഷിപ്പനി ;വ്യാപനം അതിവേ​ഗം,ജാഗ്രത

0
160

കേരളത്തിൽ  വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. പുറക്കാട്ട് താറാവുകൾ ചാകാൻ കാരണം പക്ഷിപ്പനിയാണെന്ന് ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ നിന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ചു.കഴിഞ്ഞ വർഷം ഡിസംമ്പറിലും  ആലപ്പുഴയിൽ പക്ഷി പനിയെ തുടർന്ന് നിരവധി താറാവുകൾ ചത്തൊടുങ്ങിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നെടുമുടിയിൽ എണ്ണായിരത്തിലേറെ താറാവുകൾ കൂട്ടത്തോടെ ചത്തു. പുറക്കാട്ട് ഇന്നലെ 100 താറാവുകൾ കൂടി ചത്തിട്ടുണ്ട്.

എച്ച്5എൻ1 ഇൻഫ്ലുവൻസ ഇനത്തിൽ പെട്ട വൈറസുകൾ ബാധിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ രാത്രിയാണ് സ്ഥിരീകരണം ലഭിച്ചത്.എന്നാൽ, പ്രാഥമിക ഫലം പക്ഷിപ്പനിയല്ലെന്ന് സൂചിപ്പിക്കുന്നതായി ഭോപാലിൽനിന്ന് അറിയിച്ചിരുന്നതായി നേരത്തെ മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞിരുന്നു.എന്നാൽ, പ്രാഥമിക ഫലത്തെപ്പറ്റിപ്പോലും താറാവുകളുടെ ഉടമയെ അറിയിച്ചിരുന്നില്ല എന്നും പറയുന്നു .

ഏഷ്യൻ ഏവിയൻ ഇൻഫ്ലുവൻസ പ്രധാനമായും പക്ഷികളെയാണ് പിടികൂടുന്നത്.പക്ഷികളില്‍ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകര്‍ച്ചവ്യാധിയാണ് പക്ഷിപ്പനി. ഇത് ഒരു തരം ഇന്‍ഫ്‌ളുവന്‍സ വൈറസാണ്.വായുവിലൂടെ പകർന്ന് പക്ഷികളിൽ അതിവേഗം വ്യാപിക്കുകയും മരണ കാരണമാകുകയും ചെയ്യും.മനുഷ്യരെ ബാധിക്കുന്നത് അപൂർവമാണ്. എന്നാൽ ചില രാജ്യങ്ങളിൽ മനുഷ്യരിൽ കണ്ടെത്തിയിട്ടുണ്ട്. 40 വയസ്സിൽ താഴെയുള്ളവരെയാണ് കൂടുതലും ബാധിച്ചതായി കണ്ടെത്തിയത്.

രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികള്‍ എന്നിവ വഴിയും ,പക്ഷികളുമായുള്ള അടുത്ത ഇടപെടൽ മൂലവുമാണ് രോഗം മനുഷ്യരിലേക്ക് പകരാൻ സാധ്യത കൂടുതലെന്നു വിദഗ്ധരുടെ റിപ്പോർട്ടുകൾ പറയുന്നു..പക്ഷിപ്പനി മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാധ്യത കുറവാണ്‌.