അവർ പറഞ്ഞ കടലാസിൽ ഒപ്പിട്ടു നൽകിയിരുന്നെങ്കിൽ ജയിലിൽ കഴിയേണ്ടി വരില്ലായിരുന്നു: ബിനീഷ് കോടിയേരി

0
153

സാമ്പത്തിക തട്ടിപ്പിൽ അറസ്റ്റിലായ ബിനീഷ്ജ കോടിയേരിക്ക്  ഒരു വർഷത്തോളം ജയിലിൽ കഴിയേണ്ടി വന്നിരുന്നു .ഇപ്പോൾ ഇതാ തന്റെ ജയിൽവാസത്തിനും അതിനുശേഷമുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കും വിശദീകരണവുമായി എത്തിയിരിക്കുകയാണ്  ബിനീഷ് കോടിയേരി. തന്റെ ഫേസ്ബുക്കിലൂടെയാണ് ബിനീഷ് വിശദീകരണം നൽകിയിരിക്കുന്നത് .

തന്നെ ഇല്ലായ്മ ചെയ്യാന്‍ തീരുമാനിച്ചവര്‍ക്ക് താൻ നല്ലൊരു ഇരയായിരുന്നുവെന്നും എന്നാൽ കുറച്ചുനാൾ മാത്രം തന്നെ ഇരുട്ടിൽ നിർത്താൻ പറ്റിയതല്ലാതെ അവർക്ക് ഒന്നുംതന്നെ ചെയ്യാൻ സാധിച്ചില്ല എന്നതാണ് സത്യം . ഭരണകൂടത്തിന്റെ ലക്ഷ്യങ്ങള്‍ എന്നെ പിടിച്ചകത്തിട്ടാല്‍ മാത്രം നേടാനാവില്ലായെന്നു വന്നപ്പോള്‍ എന്നില്‍ കൂടുതല്‍ ഭയം സൃഷ്ടിച്ചു കാര്യം നേടാനാണവര്‍ ശ്രമിച്ചത് എന്നും ബിനീഷ് തന്റെ കുറിപ്പിലൂടെ പറയുന്നു .

‘ഭരണകൂടം ബോധപൂര്‍വ്വം സൃഷ്ടിക്കുന്ന ഭയപെടുത്തലുകളില്‍ നിരന്തരം ജീവിക്കുന്ന ഒരുത്തന് ഭയത്തെ അതിജീവിക്കാനുള്ള കരുത്തുനേടി അവന്‍ നിര്‍ഭയനായിത്തീരുമെന്നു ചിന്തിക്കാനുള്ള സാമാന്യ ബോധംപോലുമില്ലാത്തതുകൊണ്ടാണ് ഒരു ഭരണകൂടത്തിനെയും അതിനെ നിലനിര്‍ത്തുന്ന രാഷ്ട്രീയ പ്രസ്ഥാനത്തെയും അപകീര്‍ത്തിപ്പെടുത്താനും പറ്റുമെങ്കില്‍ അതിനെയെല്ലാം താഴെയിറക്കാനും കാലാകാലങ്ങളായി ബലിമൃഗമായി ചാപ്പകുത്തപ്പെട്ട എന്നെത്തന്നെ തിരഞ്ഞെടുത്തത്,’ ബിനീഷ് തന്റെ  പോസ്റ്റില്‍ പറയുന്നു.

തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് ഒരു തെളിവും ഹാജരാക്കാന്‍ സാധിച്ചില്ലെന്നും അതുകൊണ്ട് ആ പദ്ധതിയെ താന്‍ അതിജീവിച്ചുവെന്നും ബിനീഷ് പറയുന്നു.ഭരണകൂടം തന്റെ കാര്യത്തില്‍ നീക്കുപോക്കിനാണ് ശ്രമിച്ചതെന്നും അവര്‍ പറഞ്ഞ കടലാസുകളില്‍ താന്‍ ഒപ്പുവെച്ചിരുന്നുവെങ്കില്‍ ജയിലില്‍ കിടക്കേണ്ടി വരില്ലായിന്നുവെന്നും ബിനീഷ് പറയുന്നു.ഇത്തരത്തില്‍ വ്യക്തിത്വം പണയംവെച്ച ഇന്ത്യയിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കന്മാരുടെ നിലപാടുകള്‍ പരിശോധിക്കുമ്പോള്‍ താന്‍ സത്യസന്ധത കാണിച്ചെന്നും ബിനീഷ് പറയുന്നു.

സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക്  അറസ്റ്റിലായി  ഒരു വർഷം കഴിഞ്ഞായിരുന്നു  ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബിനീഷ്, ഇനി മുഴുവന്‍ സമയ അഭിഭാഷകനായി പ്രവര്‍ത്തിക്കാനാണ് തന്‍റെ തീരുമാനമെന്ന് കഴിഞ്ഞ ദിവസം  വ്യക്തമാക്കിയിരുന്നു.