ബിഹാറില്‍ ബി.ജെ.പി മന്ത്രിയുടെ മകന്‍ കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ത്തതായി ആരോപണം.ബിഹാർ ടൂറിസം മന്ത്രി നാരയണ്‍ പ്രസാദിന്റെ മകന്‍ ബബ്ലു കുമാര്‍ ആണ് കുട്ടികള്‍ക്ക് നേരെ വെടിവെച്ചത്.തോട്ടത്തില്‍ കളിക്കുകയായിരുന്ന വിദ്യാര്‍ഥികളെ ഓടിക്കാൻ വേണ്ടിയാണ് ബബ്ലു വെടിവെച്ചത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .സംഭവത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട് .
സംഭവം നടന്നതിന് പിന്നാലെ നാട്ടുകാർ സംഭവസ്ഥലത്തെത്തുകയും ബബ്ലു കുമാറിനെ കൈകാര്യം ചെയ്യുകയും ചെയ്തു .മന്ത്രിയുടെ മകനെ ഒരുസംഘം നാട്ടുകാർ ഓടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഹർദിയ ഗ്രാമത്തിലെ മന്ത്രിയുടെ മാമ്പഴ തോട്ടത്തിൽ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത് .എന്നാൽ താൻ കുട്ടികൾക്ക് നേരെ വെടി ഉതിർത്തിട്ടില്ല എന്നും കുട്ടികളെ പേടിപ്പിക്കാൻ ആകാശത്തേക്കാണ് വെടി ഉതിർത്തതെന്നും ബബ്ലു കുമാർ പറയുന്നു .
എന്നാല്‍ മകനെതിരെയുള്ള ആരോപണങ്ങള്‍ വ്യാജമാണെന്നും തങ്ങളുടെ തോട്ടം കയ്യേറിയിട്ടുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കാനെത്തിയ മകന് നേരെ ആളുകള്‍ കല്ലെറിയുകയായിരുന്നു എന്നുമാണ് മന്ത്രി നാരയണ്‍ പ്രസാദ് പറഞ്ഞത്.കൂടാതെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തന്നെ അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നതെന്നും നാരായൺ പ്രസാദ് പറഞ്ഞു.