ആപ്പിലായി ബൈജൂസ് ആപ്പ്

0
161

മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പിനെതിരെ ഗുരുതരാരോപണം. രക്ഷിതാക്കളിൽ നിന്നും മുൻജീവനക്കാരിൽ നിന്നും ആപ്പിനെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. ബി.ബി.സി ശേഖരിച്ച വിവരങ്ങളിലാണ് കമ്പനിക്കെതിരെ ഗുരുതരാരോപണങ്ങൾ ഉള്ളത്. റീഫണ്ട്, സേവനം തുടങ്ങിയവയ്ക്കെതിരെ രക്ഷിതാക്കൾക്കിടയിൽ പരാതിയുണ്ട്. വാഗ്ദാനം ചെയ്ത സേവനങ്ങളും റീഫണ്ടും കമ്പനി നൽകുന്നില്ലെന്നാണ് പരാതി.

ആറ് ദശലക്ഷത്തിലധികം ഉപഭോക്താക്കളാ ണ് ബൈജൂസ് ആപ്പിനുള്ളത്.
2011 ലാണ് ലോകത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള എഡ്യുടെക് സ്റ്റാർട്ടപ്പായ ബൈജൂസിന് തുടക്കം. ഫേസ്ബുക്ക് സ്ഥാപകൻ സുക്കർബർഗിന്റെ മകളുടെ പേരിലുള്ള ചാൻ സുക്കർബർഗ് ഇനീഷ്യേറ്റീവാണ് ഇതിൽ കൂടുതൽ മൂല്യ നിക്ഷേപം നടത്തിയിരിക്കുന്നത്. അമേരിക്കൻ കമ്പനികളായ ടിഗർ ഗ്ലോബൽ, ജനറൽ അറ്റ്ലാന്റിക് എന്നിവയും ഇതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

രക്ഷിതാക്കളെ നിരന്തരമായി ഫോണിൽ വിളിക്കുന്നതാണ് കമ്പനിയുടെ വിൽപന തന്ത്രങ്ങളിലൊന്ന്. എന്നാൽ റീഫണ്ടിനായി വിളിച്ചാൽ സെയിൽസ് ഏജന്റ്‌റുമാർ തങ്ങളെ കബളിപ്പിക്കുകയാണെന്നും രക്ഷിതാക്കൾ ബി.ബി.സിയോട് പറഞ്ഞു.

എന്നാൽ ആരോപണങ്ങൾ ബൈജൂസ് നിഷേധിച്ചു. തങ്ങളുടെ ഉൽപന്നത്തിന്റെ മൂല്യം മനസിലാക്കുകയും അതിൽ വിശ്വസിക്കുകയും ചെയ്ത രക്ഷിതാക്കളും വിദ്യാർഥികളുമാണ് ഇത് വാങ്ങാൻ തയാറാകുന്നതെന്നാണ് കമ്പനിയുടെ വാദം.കമ്പനി ഏൽപ്പിച്ച ടാർഗറ്റിലേക്കെത്താൻ വേണ്ടി ദിവസവും 12-മുതൽ 15 മണിക്കൂർവരെ ജോലിയെടുക്കേണ്ടി വരുന്നുവെന്നായിരുന്നു ബൈജൂസിന്റെ മുൻ ജീവനക്കാർ പ്രതികരിച്ചത്.

അമിതമായ ജോലി ഭാരം മാനസികാരോഗ്യത്തെ വരെ ബാധിച്ചു. കച്ചവട തന്ത്രത്തിൽ വീഴാൻ സാധ്യതയുള്ള ഉപഭോക്താവിനെ 120 മിനിറ്റിൽ കൂടുതൽ ഫോൺ സംസാരിക്കാൻ കഴിയാത്തവരെ ജോലിയിൽ ഹാജരായില്ലെന്ന് രേഖപ്പെടുത്തുകയും അന്നേദിവസത്തെ ശമ്പളം നൽകില്ലെന്നും മുൻ ജീവനക്കാർ ബി.ബി.സിയോട് വെളിപ്പെടുത്തി.

ആപ്പിന്റെ മോശം സേവനങ്ങളെകുറിച്ച് ഇന്ത്യയിലെ പല ഉപഭോക്തൃ കോടതികളിലും കേസുകൾ നിലവിലുണ്ട്. റീഫണ്ടുകളും സേവനങ്ങൾ നൽകാത്തതും സംബന്ധിച്ച പരാതികളിൽ നഷ്ടപരിഹാരം നൽകാൻ ഇന്ത്യയിലെ മൂന്ന് ഉപഭോക്തൃ കോടതികൾ ഉത്തരവിട്ടിരുന്നു.