അച്ഛനും മകൾക്കും നേരെ ​ഗുണ്ടാ ആ​ക്രമണം ; സംഭവം പോത്തൻകോട്

0
165

പോത്തൻകോട് വീണ്ടും ഗുണ്ടാ ആക്രമണം. യാത്രക്കാരായ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ചു. വെഞ്ഞാറമൂട് സ്വദേശിയായ ഷായ്ക്കും അദ്ദേഹത്തിന്റെ പതിനേഴുകാരിയായ മകൾക്കും നേരെയാണ് ഗുണ്ടാ ആക്രമണമുണ്ടായത്. ബുധനാഴ്ച രാത്രി 8.30 ഓടെയായിരുന്നു ഇരുവരും ആക്രമിക്കപ്പെട്ടത്.

ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയ നാലംഗ ഗുണ്ടാസംഘം യാത്രക്കാരായ അച്ഛനേയും മകളെയും ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയെ കടന്ന് പിടിക്കുകയും എതിർത്തപ്പോൾ മുഖത്തടിക്കുകയും മുടിയിൽ കുത്തി പിടിച്ച് വലിച്ചിഴക്കുകയുമായിരുന്നു.

കാറ് ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് ഷാ പറഞ്ഞു. ‘എന്റെ മുഖത്തടിച്ചു. മകളെയും മർദ്ദിച്ചു. സംഭവം നടന്ന ഉടനെ തന്നെ പൊലീസിനെ അറിയിച്ചിരുന്നു. പരാതിയും നൽകിയിട്ടുണ്ട്. ഇന്ന് പൊലീസ് മകളുടെ അടക്കം മൊഴിയെടുത്തു’വെന്നും അദ്ദേഹം പറഞ്ഞു

നിരവധി കേസുകളിലെ പ്രതിയും മാസങ്ങൾക്ക് മുൻപ്, പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതിയുമായ ഫൈസലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അക്രമം നടത്തിയത്.