മിസ് കേരളയുടെ മരണത്തിന് പിന്നിലെ പ്രമുഖൻ ആര് ?

0
214

മുൻ മിസ് കേരള ജേതാക്കളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസിൽ ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18’ ഹോട്ടൽ ഉടമ റോയി വയലാട്ടിനെ പോലീസ് ചോദ്യംചെയ്യുന്നു. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ ഡി.വി.ആറുമായി ചോദ്യംചെയ്യലിന് ഹാജരാകാൻ പോലീസ് റോയിക്ക് നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ് റോയി പോലീസിന് മുന്നിൽ ഹാജരായത്. സി.ഐ. അനന്തലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് റോയിയെ ചോദ്യംചെയ്യുന്നത്.

രാവിലെ 10 മണിയോടെയാണ് റോയി എറണാകുളം സൗത്ത് സ്റ്റേഷനിൽ ഹാജരായത്. അപകടം നടന്ന ശേഷം പിന്തുടർന്ന ഔഡി കാറിൽ നിന്ന് ഒരാൾ ഇറങ്ങി വരികയും കാര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളിൽ അവിടെ എത്തിയിരുന്നു.

അവർ മാറിനിന്ന് വിവരങ്ങൾ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഔഡി കാറിൽ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവർ പിന്നീട് അപകടത്തിൽപ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയിൽ എത്തി അവിടുത്തെ സാഹചര്യങ്ങൾ വിലയിരുത്തിയതായും വിവരംലഭിച്ചിട്ടുണ്ട്. അതേസമയം, ഡി ജെ പാർട്ടി നടന്ന ഹാളിൽ വാക്കുതർക്കമുണ്ടായതായും വിവരമുണ്ട്. ഡിജെ പാർട്ടിയുടെ അരമണിക്കൂറോളമുള്ള സി സി ടി വി ദൃശ്യങ്ങൾ ടെക്നീഷ്യന്റെ സഹായത്തോടെ റോയി മാറ്റിയിരുന്നു.

എന്തിനാണ് ഡിജെ പാർട്ടി നടന്ന ഹാളിലെ ദൃശ്യങ്ങൾ ഒളിപ്പിച്ചത്, എന്തിനാണ് കാറിൽ അൻസി കബീറിനേയും സംഘത്തേയും പിന്തുടർന്നത് എന്നീ കാര്യങ്ങളാണ് അന്വേഷണത്തിൽ പ്രധാനമായും കണ്ടെത്തേണ്ടത്. ഫോർട്ട് കൊച്ചിയിൽ നിന്ന് ചക്കരപ്പറമ്പ് വരെയുള്ള ഭാഗത്തെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

ഇതിൽ നിന്നാണ് ഫോർട്ട് കൊച്ചിയിലെ ഹോട്ടൽ മുതൽ അപകട സ്ഥലംവരെ ഔഡി കാർ അൻസിയുടെ കാറിനെ പിന്തുടർന്നതായുള്ള വിവരം ലഭിച്ചത്. ഏത് സാഹചര്യത്തിലാണ് ഹോട്ടലിൽ നിന്ന് ഔഡി കാർ അൻസിയുടെ കാറിനെ പിന്തുടർന്നത് എന്നതാണ് പോലീസ് അന്വേഷിക്കുന്നത്. ഹോട്ടലുടമ റോയിയെ ചോദ്യംചെയ്യുന്നതിലൂടെ ഇതിൽ വ്യക്തത വരുത്താൻ സാധിച്ചേക്കും