കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്യുന്ന വിഷയമാണ് അൻസിയുടേയും അഞ്ജനയുടേയും മരണം. മരണത്തിൽ ദുരൂഹത ഉണ്ടെന്നും ഇല്ലെന്നും തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു . ഇതിന് പിന്നാലെ സംഭവത്തിൽ മറ്റൊരു വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. മത്സര ഓട്ടമാണ് മരണത്തിന് കാരണമെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം.
മുൻ മിസ് കേരള അൻസി കബീറും മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനുമടക്കം മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നത്. കാർ ഓടിച്ചിരുന്ന അബ്ദുൽ റഹ്മാൻ ആണ് പൊലീസിന് മൊഴി നൽകിയത്. ഒരു ഓഡി കാറിനെ ചേസ് ചെയ്ത് വണ്ടിയോടിച്ചതാണ് അപകട കാരണമെന്നാണ് റഹ്മാൻ പൊലീസിനോട് പറഞ്ഞത്.
തേവര ഭാഗത്ത് വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാറിന് പിറകെയായി ഓഡി കാർ പായുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇരു സംഘങ്ങളും മത്സരയോട്ടം നടത്തിയോ എന്ന സംശയമാണ് പൊലീസിന്.നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി റഹ്മാൻ ഇത്തരത്തിൽ മൊഴി നൽകിയതാണോ എന്നും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കും.
മൂന്ന് പേർ കൊല്ലപ്പെട്ട സംഭവം അപകടമാണെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ കാരണങ്ങളാണ് ഇപ്പോൾ പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.ഇതിനിടെയാണ് അബ്ദുൽ റഹ്മാൻ മൊഴി നൽകിയത്. ഇത് കേസിൽ നിർണായകമാവുമെന്നാണ് പൊലീസ് കരുതുന്നത്. മാള സ്വദേശിയായ അബ്ദുൾ റഹ്മാനാണ് അപകടത്തിനിടയാക്കിയ കാറോടിച്ചിരുന്നത്.ഗുരുതരമായി പരിക്കേറ്റ റഹ്മാൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ പാലാരിവട്ടം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ വെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് റഹ്മാൻ മൊഴിനൽകിയത്.
അപകടം നടന്ന് നിമിഷങ്ങൾക്കകം തന്നെ ഓഡി കാർ തിരികെ അപകടസ്ഥലത്തെത്തുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇടപ്പള്ളിയിൽ എത്തിയ ശേഷമാണ് കാർ തിരികെ വന്നത്.ഓഡി കാറിൽ നിന്ന് ഇവരുടെ സുഹൃത്തായ റോയ് ഇറങ്ങുന്ന ദൃശ്യങ്ങളും ലഭിച്ചു. റോയ് അടക്കമുള്ളവരെ വിശദമായി ചോദ്യം ചെയ്ത് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം.
ചികിത്സയിലായതിനാൽ റഹ്മാനെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. നിശാ പാർട്ടി നടന്ന ഫോർട്ട്‌കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ റോയ് ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്.പാർട്ടി നടന്ന രാത്രിയിലെ നമ്പർ 18 ഹോട്ടലിലെ ചില സി.സി.ടി.വി ദൃശ്യങ്ങൾ കാണാതായതിലും പൊലീസിന് സംശയമുണ്ട്. അൻസിയും അഞ്ജനയും സഞ്ചരിച്ചിരുന്ന കാർ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന മുഹമ്മദ് ആഷിഖ് പിന്നീട് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.