മലയാള സിനിമയില്‍ ഒരു കാലത്ത് തരംഗം സൃഷ്‌ടിച്ച ഓണ്‍ സ്ക്രീൻ ജോഡികളാണ് കുഞ്ചാക്കോ ബോബനും ശാലിനിയും. കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റ ചിത്രമായ അനിയത്തിപ്രാവിലൂടെയാണ് ആദ്യമായി ഇരുവരും ഒന്നിക്കുന്നത്. ശാലിനി നായികാ വേഷത്തില്‍ എത്തുന്ന ആദ്യ ചിത്രവുമായിരുന്നു ഇത്. സിനിമയിലെ ഇരുവരുടെയും കെമിസ്ട്രി വര്‍ക്കൗട്ട് ആയതോടെ സിനിമയും സൂപ്പര്‍ ഹിറ്റായി മാറി. തുടര്‍ന്നാണ് ഇരുവരും പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറുന്നത്. അതിനു ശേഷം മൂന്ന് നാല് സിനിമകള്‍ ഇതേ കോംബോയില്‍ ആവര്‍ത്തിച്ചു. അതില്‍ കമല്‍ സംവിധാനം ചെയ്ത നിറവും സൂപ്പര്‍ ഹിറ്റായി. ഇതിനിടെ കുഞ്ചാക്കോ ബോബനും ശാലിനിയും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ സജീവമായിരുന്നു. ഇരുവരും വിവാഹിതരാകുന്നത് കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. എന്നാല്‍ കരിയറിലും ജീവിതത്തിലും രണ്ടുപേരും രണ്ടു വഴിക്ക് പോകുന്നതാണ് പിന്നീട് പ്രേക്ഷകർ കണ്ടത്. മലയാളത്തിൽ നിന്നും തമിഴിലെത്തിയ ശാലിനി തമിഴിലെ സൂപ്പര്‍ നായികയായി മാറി. തമിഴ് നടൻ അജിത്തുമായി പ്രണയത്തിലായ നടി വിവാഹം കഴിക്കുകയും അഭിനയത്തോട് വിട പറയുകയും ചെയ്തു. മറുവശത്ത് കുഞ്ചാക്കോ ബോബൻ പ്രിയയെ വിവാഹം കഴിച്ചു, മലയാള സിനിമയിലെ മുൻനിര താരങ്ങളില്‍ ഒരാളായി വളര്‍ന്നു വരികയും ചെയ്‌തു. നിറം എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്താണ് കുഞ്ചാക്കോ ബോബൻ-ശാലിനി പ്രണയം വലിയ ചര്‍ച്ചയാകുന്നത്. എന്നാല്‍ ശാലിനി-അജിത് പ്രണയത്തില്‍ ഹംസമായി നില്‍ക്കുകയായിരുന്നു അന്ന് കുഞ്ചാക്കോ ബോബൻ. ഏതാനും വര്‍ഷങ്ങള്‍ക്ക് മുൻപാണ് നടൻ ഇക്കാര്യം തുറന്നു പറഞ്ഞത്. ഇപ്പോഴിതാ തങ്ങളുടെ പേര് ചേര്‍ത്ത് ഗോസിപ്പ് വന്നപ്പോഴും ഇക്കാര്യം തുറന്നു പറയാതിരുന്നത് എന്ത് കൊണ്ടാണെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബൻ. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടൻ. നിങ്ങളുടെ പേരില്‍ കേരളത്തില്‍ ഇത്രയധികം ഗോസിപ്പുകള്‍ വന്നപ്പോഴും ഇക്കാര്യം പറയാതിരുന്നത് എന്താണെന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു ചാക്കോച്ചന്റെ മറുപടി. ഞാൻ ഭയങ്കര മാന്യനായത് കൊണ്ടാണ് അത് പറയാതിരുന്നത് എന്നായിരുന്നു താരത്തിന്റെ പ്രതികരണം. നല്ലൊരു സൗഹൃദമാണ് തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നതെന്നും രണ്ടു പേരുടെയും പ്രണയം പരസ്പരം അറിയാമായിരുന്നു എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. എന്റെ ആദ്യ സിനിമ മുതല്‍ അല്ലെങ്കില്‍ പുള്ളിക്കാരി നായികയായി വന്നത് മുതല്‍ അങ്ങോട്ടും ഇങ്ങോട്ടും അറിയുന്ന ആളുകളാണ്. ഏകദേശം നാല് സിനിമകള്‍ ഞങ്ങള്‍ ഒന്നിച്ചു ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു ക്ലീൻ ആയ സൗഹൃദം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു.
എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നുവെന്ന് പുള്ളികാരിക്കും പുള്ളിക്കാരിയുടെ പ്രണയം എനിക്കും അറിയാമായിരുന്നു’, അതൊരു മ്യൂച്ചല്‍ ഗിവ് ആൻഡ് ടേക് ആയിരുന്നു. ഇപ്പോള്‍ പുള്ളിക്കാരി സന്തോഷകരമായ ദാമ്ബത്യ ജീവിതം നയിക്കുന്നു. ഇപ്പുറത്ത് ഞാനും സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നു. ഇടയ്ക്ക് ഞങ്ങള്‍ മെസേജ് അയക്കാറുണ്ട്. വല്ലപ്പോഴും വിളിക്കാറുണ്ട്. പിറന്നാളിന് ആശംസകള്‍ അറിയിക്കാറുണ്ട്. അങ്ങനെ വളരെ സിംപിളായും കൂള്‍ ആയും സന്തോഷകരമായും ജീവിതം മുന്നോട്ട് പോകുന്നു’, കുഞ്ചാക്കോ ബോബൻ പറഞ്ഞു. ഹംസമായി പ്രവര്‍ത്തിച്ച സമയത്ത് അവര്‍ പരസ്പരം എന്തെങ്കിലും ഗിഫ്റ്റുകളൊക്കെ കൈമാറാറുണ്ടായിരുന്നോ എന്ന ചോദ്യത്തിന്, അത് തനിക്ക് അറിയില്ല എന്നാണ് ചാക്കോച്ചൻ പറഞ്ഞത്. ‘എന്റെ ഫോണിലേക്ക് ആണ് അജിത് വിളിക്കുക, ഞാൻ എകെ47 എന്നാണ് അദ്ദേഹത്തിന്റെ നമ്പര്‍ സേവ് ചെയ്ത് വെച്ചിരിക്കുന്നത്. അന്ന് മുതലേ പുള്ളി എകെ 47 ആണ്. കോളുകള്‍ വരുമ്പോള്‍ കണക്‌ട് ചെയ്ത് കൊടുക്കാറുണ്ട്. അല്ലാതെ സമ്മാനങ്ങള്‍ കൊടുത്തതൊന്നും ഓര്‍മയില്ല. ഞാൻ എന്റെ കാമുകി പ്രിയക്ക് സമ്മാനങ്ങള്‍ കൊടുക്കുന്ന തിരക്കിലായത് കൊണ്ട് ഇതില്‍ കോണ്‍സൻട്രേറ്റ് ചെയ്യാൻ പറ്റിയില്ല. ഞാനും പ്രിയയും ഒരു ഏഴെട്ട് കൊല്ലം പ്രണയിച്ച ശേഷമാണ് വിവാഹം കഴിച്ചത് എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.