അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാള സിനിമയിലേക്ക് തിരികെ എത്തുന്നു . ആദിൽ മൈമുനാത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്!’ എന്ന സിനിമയിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്.ഭാവനയും ഷറഫുദീനുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് . ചിത്രത്തിന്‍റെ ടൈറ്റിൽ നടന്‍ മമ്മൂട്ടിയാണ് പുറത്തുവിട്ടത്.
കൂടാതെ ഇൻസ്റ്റാഗ്രാമിലൂടെ ഭാവനയും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. ബോൺഹോമി എന്‍റർടൈൻമെന്‍സിന്‍റെ ബാനറിൽ റെനീഷ് അബ്ദുല്‍ ഖാദറാണ് ചിത്രം നിര്‍മിക്കുന്നത് . സഹോദരി-സഹോദര ബന്ധമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.സംവിധായകൻ ആദിൽ മൈമൂനാഥ് അഷ്‌റഫ് തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിംഗും നിർവഹിക്കുന്നത്. തിരക്കഥയിൽ കൂടെ പ്രവർത്തിച്ച വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്.
2017-ൽ പുറത്തിറങ്ങിയ ‘ആദം ജോൺ’ ശേഷം അഞ്ച് വര്‍ഷത്തെ ഇടവേള കഴിഞാണ് ഭാവന മലയാളത്തിൽ എത്തുന്നത് .ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് ഭാവന തിരിച്ചെത്തുന്നതെന്ന് മുമ്പ് വാർത്തകള്‍ പുറത്തുവന്നിരുന്നു. എന്നാൽ നവാഗത സംവിധായകനോടൊപ്പമാണ് ഭാവനയുടെ മടങ്ങിവരവ്.ഉടൻതന്നെ തിരികെ മലയാളത്തിലേക്ക് എത്തുമെന്ന് അടുത്തിടെ നടി വ്യക്തമാക്കിയിരുന്നു.അതിന് പിന്നാലെയാണ് ഇപ്പോള്‍ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്